കേന്ദ്ര സർവ്വകലാശാലയില്‍ മെഡിക്കല്‍ കോളേജ്; എം.എൽ.അശ്വിനി സുരേഷ്ഗോപിയെ കണ്ടു

കാസര്‍കോട്: കേരള കേന്ദ്ര സർവ്വകലാശാലക്ക് കീഴില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തില്‍ ഇടപെടലുമായി ബിജെപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ട് വര്‍ദ്ധനവുണ്ടായതും എന്‍ഡോസള്‍ഫാന്‍ വിഷയത്തിലടക്കം ഇടപെട്ട സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതുമാണ് വിഷയം സജീവമാക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എംഎല്‍ അശ്വിനി മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആവശ്യം ഉന്നയിച്ച് എം.എല്‍. അശ്വിനി ഇന്നലെ സുരേഷ് ഗോപിയുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം കണ്ണൂർ അതിഥി മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച നിവേദനവും നല്‍കി.

വിഷയത്തില്‍ ഇടപെടല്‍ നടത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സർവ്വകലാശാലയുടെ തുടക്കം മുതല്‍ ചര്‍ച്ചയിലുള്ള മെഡിക്കല്‍ കോളേജ് ഇതിന്റെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടതാണ്. 50 ഏക്കര്‍ സ്ഥലവും നീക്കിവെച്ചിട്ടുണ്ട്. സർവ്വകലാശാല നീക്കം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. മഹിളാമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതിയംഗമെന്ന നിലയില്‍ അശ്വിനിക്ക് ദേശീയ നേതൃത്വവുമായും ബന്ധമുണ്ട്. ഇതുപയോഗിച്ച് നീക്കം ഊര്‍ജ്ജിതപ്പെടുത്താനാണ് ശ്രമം. മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന വാഗ്ദാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിനായുള്ള പരിശ്രമം നടത്തുമെന്നും അശ്വിനിഎം.എല്‍പറഞ്ഞു.

Read Previous

വീട്ടമ്മ കിണറ്റിൽചാടി മരിച്ചു

Read Next

പീഡന പ്രതി സൽമാനെതിരായ കുറ്റപത്രം ഒരുങ്ങി