ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി സി.കെ. അബ്ദുൾ ഗഫൂർ ഹാജി മരണപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും, അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കാണാതായ അറുനൂറ് പവനോളം തൂക്കം വരുന്ന സ്വർണ്ണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഇനിയും മാറിയില്ല. 2023 ഏപ്രിൽ 14–ന് പുലർച്ചെ റംസാൻ നോമ്പ് കാലത്താണ് പ്രവാസി വ്യാപാരിയായ സി.കെ. അബ്ദുൾ ഗഫൂർ ഹാജിയെ അദ്ദേഹത്തിന്റെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയസ്തംഭനം മൂലമുള്ള മരണമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം സംസ്ക്കരിച്ചതിന് പിന്നാലെയാണ് ഗഫൂർ ഹാജി വീട്ടിൽ സൂക്ഷിച്ച കോടികൾ വിലമതിക്കുന്ന സ്വർണ്ണം കാണാതായ വിവരം ബന്ധുക്കളറിഞ്ഞത്. തുടർന്ന് മകന്റെ പരാതിയിൽ കേസ്സെടുത്ത ബേക്കൽ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കട്ടിലിൽ നിന്നുള്ള വീഴ്ച മൂലം തലയ്ക്കേറ്റ മുറിവാണ് മരണകാരണമായതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മകന്റെ ഭാര്യ, മകൾ, സഹോദരി എന്നിവരിൽ നിന്ന് ഗഫൂർ ഹാജി വാങ്ങി സൂക്ഷിച്ച 600 പവനോളം സ്വർണ്ണം എവിടെപ്പോയെന്നതിന്റെ ഉത്തരം മാത്രം പോലീസിന് ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഹണിട്രാപ്പ് കേസ്സിൽ പ്രതിയായിരുന്ന ജിന്ന് യുവതിയുമായി ഗഫൂർഹാജിക്ക് അടുത്ത പരിചയമുണ്ടായിരുന്നു. ഇവരെ പോലീസ് പലതവണ സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്തിരുന്നുവെങ്കിലും, യാതൊരു തുമ്പും ലഭിച്ചില്ല.
ജിന്ന് യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ബേക്കൽ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും, യുവതി സമ്മതിക്കാത്തതിനാൽ നുണ പരിശോധനയും നടന്നില്ല. ഗഫൂർ ഹാജിയുടെ സ്വർണ്ണം കാണാതായ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് അവകാശപ്പെട്ട ജിന്ന് യുവതി നുണ പരിശോധനയ്ക്ക് വിസമ്മതിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചും ദുരൂഹതയുണ്ട്.
സി.കെ. അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ സ്വർണ്ണം എവിടെപ്പോയെന്നതിന്റെ ഉത്തരം കണ്ടെത്തേണ്ട പോലീസും ഇക്കാര്യം മറന്ന മട്ടാണ്. മരണത്തിന് തലേദിവസം ഗഫൂർ ഹാജി ഭാര്യയെ അവരുടെ വീട്ടിൽ വിടുകയും പൂച്ചക്കാട്ടെ വീട്ടിലെ നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തതും ഏതോ രഹസ്യ ഇടപാടിനാണെന്ന് വ്യക്തമാണ്.
ഏപ്രിൽ 13–ന് രാത്രി അബ്ദുൾ ഗഫൂർ ഹാജി പൂച്ചക്കാട്ടെ വീട്ടിൽ ആരെയോ പ്രതീക്ഷിച്ചിരുന്നുവെന്ന് ഉറപ്പാണ്. നിരീക്ഷണ ക്യാമറ ഓഫാക്കിയുള്ള രഹസ്യ ഇടപാട് ആരുമായിട്ടുള്ളതാണെന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ലാത്തതിനാൽ കേസ്സന്വേഷണം പ്രതിസന്ധിയിലായി. കട്ടിലിൽ നിന്നും വീണ നിലയിലായിരുന്നു ഗഫൂർഹാജിയുടെ മൃതദേഹം കിടന്നിരുന്നത്. പുറമെ നിന്നൊരാൾ വീട്ടിൽക്കയറിയാൽ പോലീസിന് വിരലടയാളങ്ങളോ മറ്റ് തെളിവുകളോ ലഭിക്കേണ്ടതുണ്ടെങ്കിലും, ഇത്തരത്തിലുള്ള യാതൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.
നിധി മോഹിപ്പിച്ച് സ്വർണ്ണം തട്ടിയെടുക്കുന്നവരുടെ കെണിയിൽ ഗഫൂർ ഹാജി വീണിട്ടുണ്ടോയെന്നതും വ്യക്തമല്ല. ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് പതിമൂന്ന് മാസത്തിനിപ്പുറവും കാണാതായ സ്വർണ്ണം കണ്ടെത്താനായിട്ടില്ല. ഗഫൂർ ഹാജി മരണത്തെത്തുടർന്ന് രൂപീകരിച്ച കർമ്മസമിതിയും ഇപ്പോൾ മൗനത്തിലാണ്.