എസ്.ഐ.യുടെ മൂക്കിടിച്ച് തകർത്ത പ്രതി റിമാന്റിൽ

സ്വന്തം ലേഖകൻ

രാജപുരം: സ്ക്കൂൾ ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽകാറോടിച്ച് ഭീതി പരത്തിയതിനെത്തുടർന്ന് ഹെഡ്മിസ്ട്രസ്സിന്റെ പരാതി പ്രകാരം രാജപുരം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐ.യുടെ മൂക്കിടിച്ച് തകർത്തു. ഇന്നലെ വൈകുന്നേരം 4.45നാണ് പ്രാന്തർകാവ് സ്ക്കൂളിൽ ഭീതിപരത്തിയ ചാമുണ്ഡിക്കുന്ന് ഗാന്ധിപുരം  ശാസ്തമംഗലം വീട്ടിൽചന്ദ്രശേഖരന്റെ മകൻ പ്രമോദിനെ 40, രാജപുരം എസ്.ഐ. പി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

ലഹരിമൂത്ത് സ്ക്കൂൾ ഗ്രൗണ്ടിൽ പരാക്രമം കാണിച്ച പ്രമോദിനെ പോലീസ് അനുനയിപ്പിച്ച് പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും ഇയാൾ വഴങ്ങിയില്ല. സ്വന്തം കാറിൽ മാത്രമേ കയറുകയുള്ളൂവെന്ന് വാശിപിടിച്ച പ്രമോദിനെ കാറിൽ കയറ്റി പോലീസ് ഡ്രൈവർ വിനോദ് ഓടിച്ചുപോകുന്നതിനിടെ കോളിച്ചാലിലെത്തിയപ്പോൾ പ്രമോദ് കാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  പിന്നാലെ പോലീസ് ജീപ്പിലെത്തിയ രാജപുരം എസ്.ഐ. സുനിൽകുമാർ വിവരമന്വേഷിക്കാൻ കാറിന് സമീപമെത്തിയപ്പോഴാണ് പ്രമോദ് അദ്ദേഹത്തിന്റെ മൂക്കിനിടിക്കുകയും കടിക്കുകയും ചെയ്തത്. പോലീസ് ഡ്രൈവർ വിനോദിനെയും പ്രമോദ് കയ്യേറ്റം ചെയ്തു. തുടർന്ന് എസ്.ഐ. യുവാവിനെ കീഴ്പ്പെടുത്തി കയ്യിൽ വിലങ്ങണിയിച്ച ശേഷമാണ് വൈദ്യപരിശോധനയ്ക്കയച്ചത്. എസ്.ഐ.യെ ഇടിച്ച് പരിക്കേൽപ്പിച്ച പ്രമോദിനെതിരെ രാജപുരം പോലീസ് കേസ്സെടുത്തു.

സ്ക്കൂൾ ഗ്രൗണ്ടിൽ അപകടകരമായ വിധത്തിൽ കാറോടിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തുവെന്ന ഹെഡ്മിസ്ട്രസ് ഇൻചാർജ്ജ് ജെ. ശാന്തകുമാരിയുടെ പരാതിയിൽ പ്രമോദിനെതിരെ മറ്റൊരു കേസും രാജപുരം പോലീസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ ഇടിയേറ്റ എസ്.ഐ. യെ ചികിത്സയ്ക്ക് വിധേയമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സ്ക്കൂളിലെ വിദ്യാർത്ഥിയായ മകളെ തന്നോടൊപ്പം വിട്ടയക്കണമെന്ന ആവശ്യവുമായാണ് ഇന്നലെ ഉച്ചയ്ക്ക് 2.45ന് പ്രമോദ് പ്രാന്തർകാവ് യു.പി. സ്ക്കൂളിലെത്തിയത്. ഇദ്ദേഹം ലഹരിയിലായതിനാൽ സ്ക്കൂൾ അധികൃതർ കുട്ടിെയ വിട്ടുകൊടുത്തില്ല.  തുടർന്ന് മണിക്കൂറുകളോളം സ്ക്കൂൾ ഗ്രൗണ്ടിൽ പ്രമോദിന്റെ തേർവാഴ്ചയായിരുന്നു. പ്രധാനാധ്യാപികയെയും ധ്യാപികമാരെയും തെറിവിളിച്ച് സ്ക്കൂൾ ഗ്രൗണ്ടിൽ ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രമോദിനെക്കണ്ട് കുട്ടികളും ഭയന്നുവിറച്ചു.

LatestDaily

Read Previous

എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

Read Next

ദുബായിൽ നീലേശ്വരം സ്വദേശി മരിച്ചു