കയ്യൂർ സമരസേനാനികളുടെ മണ്ണിലും സിപിഎമ്മിന് കാലിടറി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ വോട്ടെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിനെ നിയമസഭയിലേക്കെത്തിച്ച നീലേശ്വരം ദ്വയാംഗ മണ്ഡലമുൾപ്പെടുന്ന തൃക്കരിപ്പൂർ നിയമസഭാ  നിയോജക മണ്ഡലത്തിൽ ഇക്കുറി ഇടതു സ്ഥാനാർത്ഥിക്ക് കാലിടറിയത് എവിടെയെന്ന് പാർട്ടി പരിശോധിക്കുന്നു. തൃക്കരിപ്പൂർ നിയോജക മണ്ഡല രൂപീകരണത്തിന് ശേഷം സിപിഎം കയ്യടക്കിവെച്ച തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി ലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന എം.വി. ബാലകൃഷ്ണന് 10,448 വോട്ടുകളുടെ കുറവാണുണ്ടായത്.

സിപിഎമ്മിന് ആധിപത്യമുള്ള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കനുകൂലമായി വോട്ട് ചോർന്നതിന്റെ ഞെട്ടൽ സിപിഎം നേതൃത്വത്തിന് ഇനിയും വിട്ടുമാറിയിട്ടില്ല. സിപിഎം ജില്ലാ സിക്രട്ടറി കൂടിയായ എം.വി. ബാലകൃഷ്ണന്റെ സ്വന്തം തട്ടകമായ തൃക്കരിപ്പൂർ നിയോജ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ നാടായ മുഴക്കോത്ത് പോലും വോട്ടു ചോർച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഉദുമ, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ട് ചോർച്ചയുണ്ടായത്. കാസർകോട് മണ്ഡലത്തിന് കീഴിലെ ഉദുമ നിയമസഭാ മണ്ഡലത്തിൽ എം.വി. ബാലകൃഷ്ണന് നഷ്ടമായത് 11,959 വോട്ടുകളാണ്.

ഇ.കെ. നായനാരെ വിജയിപ്പിച്ച് സംസ്ഥാന മുഖ്യമന്ത്രി പദത്തിലെത്തിച്ച തൃക്കരിപ്പൂർ നിയോജകമണ്ഡലം കയ്യൂർ സമര സേനാനികളുടെ പാരമ്പര്യമുള്ള മണ്ണ് കൂടിയാണ്. അടിയുറച്ച കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള മണ്ഡലത്തിൽപ്പോലും സിപിഎം ജില്ലാ സിക്രട്ടറിക്ക് വോട്ട് ചോർച്ചയുണ്ടായതിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്ന് അണികൾ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. സിപിഎം ആഭിമുഖ്യമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സിപിഎം നേതാക്കൾക്കെതിരെ കടുത്ത വിമർശനമുയരുന്നുണ്ട്.

അടിസ്ഥാന വിഭാഗത്തെ മറന്നുള്ള നേതാക്കളുടെ പെരുമാറ്റമാണ് വിമർശന വിധേയമായിരിക്കുന്നത്. ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെയുള്ള സിപിഎം നേതാക്കളുടെ ശരീരഭാഷയെക്കുറിച്ചുള്ളതാണ് വിമർശനങ്ങളേറെയും. നേതാക്കൾ ദന്തഗോപുരങ്ങളിൽ നിന്നും താഴെയിറങ്ങണമെന്നും അണികൾ ഉപദേശിക്കുന്നു.

അതേസമയം, തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ വോട്ട് ചോർച്ചയ്ക്ക് ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് മദ്യശാലാ വിഷയവും കാരണമായെന്ന് സംശയമുയർന്നിട്ടുണ്ട്. ചെറുവത്തൂർ റെയിൽവെസ്റ്റേഷൻ റോഡിൽ പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡ് മദ്യശാലാ സിപിഎമ്മിന്റെ സംസ്ഥാന നേതാവ് ഇടപെട്ട് പൂട്ടിച്ച സംഭവം ചെറുവത്തൂരിലെ സിപിഎം അണികൾക്കിടയിൽ പ്രതിഷേധമുണ്ടാക്കിയിരുന്നു.

LatestDaily

Read Previous

ജില്ലയെ ഞെട്ടിച്ച് 3 വാഹനാപകട മരണങ്ങൾ

Read Next

വിവരാവകാശം നൽകിയില്ല; ഡിവൈഎസ്പിക്ക് 2000 രൂപ പിഴ