ജില്ലയെ ഞെട്ടിച്ച് 3 വാഹനാപകട മരണങ്ങൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലയിൽ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. തൃക്കരിപ്പൂർ തെക്കുമ്പാടും നീലേശ്വരം പാലായിയിലുമാണ് ജില്ലയെ നടുക്കിയ വാഹനാപകട മരണങ്ങളുണ്ടായത്. ഇന്ന് പുലർച്ചെ 12.30 മണിക്കാണ് പയ്യന്നൂരിൽ നിന്നും തൃക്കരിപ്പൂരിലേക്ക് വരികയായിരുന്ന ടിഎൻ 14 ഡി 9693 ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ ടെലിഫോൺ ബോക്സിലിടിച്ചാണ് രണ്ട് യുവാക്കൾ മരിച്ചത്.തൃക്കരിപ്പൂരിലെ അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന് സമീപം മോട്ടോർ സൈക്കിളിൽ കെഎസ്ആർടിസി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചത്.

പെരുമ്പ കക്കോട്ടകത്ത് വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ ഷാനിദ് 27, സുഹൃത്ത് തൃക്കരിപ്പൂർ മട്ടമ്മലിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ സുഹൈൽ 25, എന്നിവരാണ് തൃക്കരിപ്പൂരിലെ വാഹനാപകടത്തിൽ മരിച്ചത്. സുഹൈലിനെ തൃക്കരിപ്പൂരിലെ വീട്ടിലെത്തിക്കാനുള്ള യാത്ര സുഹൃത്ത് ഷാനിദിന്റെയും അന്ത്യയാത്രയായി. ഇടിയുടെ  ആഘാതത്തിൽ തലയ്ക്കേറ്റ പരിക്കാണ് ഇരുവരുടെയും മരണകാരണം.

ഇന്ന് രാവിലെ കയ്യൂർ ഐടിഐയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് നീലേശ്വരം ചിറപ്പുറം ആലിൻകീഴിലെ ജ്യോതിഷിന്റെ മകൻ വിഷ്ണു 18, കെഎസ്ആർടിസി ബസ്സിടിച്ച് മരിച്ചത്. കയ്യൂർ ഗവൺമെന്റ് ഐടിഐ വിദ്യാർത്ഥിയായ ജ്യോതിഷ് ഓടിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കെഎസ്ആർടിസി ബസ്സിടിക്കുകയായിരുന്നു.ആലിൻകീഴിലെ കള്ളുഷാപ്പിന് സമീപത്തെ മാതൃഗൃഹത്തിൽ താമസിച്ചാണ് വിഷ്ണു കയ്യൂരിലേക്ക് പഠനത്തിന് പോകുന്നത്. പിതാവ് ഉദുമ സ്വദേശിയാണ്.

തൃക്കരിപ്പൂരിൽ മരിച്ച  യുവാക്കളുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ചന്തേര പോലീസ് കേസ്സെടുത്തു. പാലായി വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി 

LatestDaily

Read Previous

യുവതി കിണറ്റിൽച്ചാടി മരിച്ചു

Read Next

കയ്യൂർ സമരസേനാനികളുടെ മണ്ണിലും സിപിഎമ്മിന് കാലിടറി