തീവെപ്പ് കേസ് പ്രതികൾക്ക് വീരോചിത സ്വീകരണം

സ്വന്തം ലേഖകൻ

പടന്ന: പടന്ന തെക്കേക്കാട് സ്കൂട്ടർ തീവെപ്പ് കേസ്സിൽ റിമാന്റ് കാലാവധിക്ക് ശേഷം ജയിൽ മോചിതരായ പ്രതികൾക്ക് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരോചിത സ്വീകരണം. സിപിഎം അനുഭാവിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവും കരിന്തളം കാട്ടിപ്പൊയിൽ ആയുർവ്വേദാശുപത്രി ഉദ്യോഗസ്ഥനുമായ തെക്കേക്കാട്ടെ പി.പി. രവിയുടെ ഭാര്യ കെ. പ്രീജയുടെ സ്ക്കൂട്ടി പെട്രോളൊഴിച്ച് കത്തിച്ച പ്രതികൾക്കാണ്  പാർട്ടി സ്വീകരണമൊരുക്കിയത്.

സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ പി.വി. ഹരീഷ്, പി.വി. ശ്രീജേഷ്, കോൺഗ്രസ് അനുഭാവി  സഞ്ജയ് സി.വി എന്നിവരാണ് പ്രീജയുടെ സ്ക്കൂട്ടർ കത്തിച്ച കേസ്സിൽ റിമാന്റിലുണ്ടായിരുന്നത്. ഇന്നലെ ജയിൽ മോചിതരായ മൂവർക്കും സിപിഎം പടന്ന ലോക്കൽ  സിക്രട്ടറി പി.കെ. പവിത്രന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.

ഇന്നലെ സന്ധ്യയ്ക്ക് തെക്കേക്കാട്ട് ബണ്ട് പരിസരത്ത് നടന്ന സ്വീകരണത്തിൽ തീവെപ്പ് കേസിലെ പ്രതികളെ ഹാരമണിയിച്ചും വാദ്യമേളങ്ങളുയർത്തിയും പടക്കം പൊട്ടിച്ചുമാണ്  ആഹ്ലാദം പ്രകടിപ്പിച്ചത്. പി.പി. രവിയുടെ കാല് വെട്ടുമെന്ന ഭീഷണിയും മുദ്രാവാക്യത്തിലുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി. സുബൈദ, സിപിഎം അംഗം രമണൻ, ലോക്കൽ കമ്മിറ്റിയംഗം ആർ. ഷാജി എന്നിവരും സ്വീകരണ  പരിപാടിയിൽ പങ്കെടുത്തു.

സിപിഎം അനുഭാവിയായ പി.പി. രവിയും പാർട്ടി പ്രാദേശിക നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. വിഷയത്തിൽ എംഎൽഏയടക്കം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രാദേശിക നേതൃത്വം വഴങ്ങുന്നില്ല. തീവെപ്പ് കേസ്സിൽ റിമാന്റിലായവർ നിരപരാധികളാണെന്നും, യഥാർത്ഥ പ്രതികളെ പോലീസ് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിപിഎം പടന്ന ലോക്കൽ കമ്മിറ്റിയുടെ  നേതൃത്വത്തിൽ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞാഴ്ച മാർച്ച് സംഘടിപ്പിച്ചിരുന്നു.

LatestDaily

Read Previous

എം.വി. ബാലകൃഷ്ണൻ സ്ഥാനമൊഴിയുമോ?

Read Next

ലോട്ടറി വിൽപ്പനക്കാരൻ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു