ചെറുവത്തൂരില്‍ സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും ബാനര്‍

ചെറുവത്തൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തായതോടെ ചെറുവത്തൂരിലെ ഓട്ടോതൊഴിലാളികൾ മദ്യശാല വിഷയവുമായി വീണ്ടും രംഗത്ത്.  ഹേ പ്രഭോ, യെഹ് ക്യാ ഹുവാ” ചെറുവത്തൂരില്‍ എന്താ ഇങ്ങനെ? എന്ന തലക്കെട്ടിൽ ഓട്ടോഡ്രൈവര്‍മാരുടെ പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി.ഐടിയു പ്രവര്‍ത്തകരായ തൊഴിലാളികൾ ബാനറിലൂടെ നേതൃത്വത്തോട് ആരായുന്നത് ഇവാണ്. ഞങ്ങള്‍ നെഞ്ചിലേറ്റിയ പാര്‍ടി ചെറുവത്തൂരിലെ മദ്യവില്‍പനശാലയുടെ പേരില്‍ തലകുനിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ നിങ്ങള്‍ തന്നെയാണ്.

മദ്യ വില്‍പനശാല തുറന്നതും ഞങ്ങള്‍ക്കറിയാം, പൂട്ടിയതും ഞങ്ങള്‍ക്കറിയാം.പിന്നാമ്പുറ കഥകളുമാറിയാം.  കേരളത്തിലെ പട്ടണങ്ങള്‍ ബാര്‍ മുതലാളിക്ക് വേണ്ടി തീറെഴുതിയിട്ട് എന്തു നേടാന്‍ കഴിഞ്ഞു? നാഴികക്ക് നാല്‍പതുവട്ടം കവലകളില്‍ തൊഴിലാളി സ്‌നേഹം പ്രസംഗിച്ചു നടന്ന് മുതലാളിയുടെ മുന്നില്‍ കൈകൂപ്പിനിന്നവരെ..തൊഴിലാളി വഞ്ചനയാണോ നിങ്ങളുടെ പ്രത്യയ ശാസ്ത്രം?  ബാനറിലൂടെ തൊഴിലാളികള്‍ ചോദിക്കുന്നു.

2023 നവംബര്‍ 23ന് ചെറുവത്തൂര്‍ റെയിൽവേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല ഒരുദിവസം മാത്രം തുറന്ന് അടച്ചുപൂട്ടിയ പ്രശ്‌നമാണ് വീണ്ടും തലപൊക്കിവന്നത്. മദ്യശാല പൂട്ടിയതിനെ തുടര്‍ന്ന് സി.ഐ.ടി തൊഴിലാളികളും ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന്  സമരം നടത്തിയതോടെ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി നേതൃത്വം പ്രശ്‌നത്തിലിടപെട്ടു. മൂന്നുമാസത്തിനകം ചെറുവത്തൂരിലോ പരിസരപ്രദേശത്തോ മദ്യശാല തുറക്കുമെന്ന ഉറപ്പിന്മേല്‍ തൊഴിലാളികൾ സമരം അവസാനിപ്പിക്കുകയായിരുന്നു.

സിപിഎം ജില്ലാ നേതൃത്വവും കണ്‍സ്യൂമര്‍ഫെഡും സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതിനിടെ 11 മാസത്തെ വാടക കുടിശിക ലഭിക്കാത്തതിനാല്‍ കെട്ടിട ഉടമ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ ആരുമറിയാതെ കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ മദ്യം കണ്ണൂരിലേക്ക് കടത്തി. കെട്ടിട ഉടമ ഇട്ട മറുതാഴും പൊളിച്ചാണ് എക്‌സൈസ് അധികൃതരുടെ സാന്നിധ്യത്തില്‍ മദ്യം കടത്തിയത്. സര്‍ക്കാരിന് വലിയ നേട്ടം ഉണ്ടായിയെടുക്കാവുന്ന സര്‍ക്കാര്‍ സ്ഥാപനം സ്വകാര്യ വ്യക്തിക്ക് വന്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി ഇല്ലാതാക്കിയെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

LatestDaily

Read Previous

ലോട്ടറി വിൽപ്പനക്കാരൻ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു

Read Next

യുവതി കിണറ്റിൽച്ചാടി മരിച്ചു