എം.വി. ബാലകൃഷ്ണനെ പിന്നിൽ നിന്നും കുത്തിയത് സ്വന്തം അണികൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാസർകോട് ലോക്സഭാ  മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണനെ പിന്നിൽ നിന്നും കുത്തിയത് സ്വന്തം അണികൾ തന്നെയെന്ന് തെരഞ്ഞെടുപ്പ് ഫല സൂചന. കാസർകോട് ലോക്സഭാ മണ്ഡലത്തിന് കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ വോട്ടിങ്ങ് ലീഡുള്ള എം.വി. ബാലകൃഷ്ണനെ യുഡിഎഫ് സ്ഥാനാർത്ഥി 100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്          ഇടതുവോട്ടുകളിലുണ്ടായ ചോർച്ചയെന്ന് വ്യക്തം.

തെരഞ്ഞെടുപ്പ്  വിജയത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിൽ തന്നെ വൻ ഭൂരിപക്ഷത്തിന് ജയിപ്പിച്ച സിപിഎം പ്രവർത്തകർക്ക് ഉണ്ണിത്താൻ നന്ദിയും പറഞ്ഞിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായത് പോലെ ഇക്കുറി ബിജെപി വോട്ടുകൾ ഉണ്ണിത്താന് ലഭിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാറിന് ലഭിച്ചിരുന്നത് 1,76,049 വോട്ടുകളായിരുന്നു. ഇത്തവണ മത്സരിച്ച എംഎൽ അശ്വിനിയുടെ വോട്ടുകൾ 2,19,558 ആയി വർദ്ധിച്ചിട്ടുണ്ട്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം 40,438 വോട്ടുകളായിരുന്നു. അമ്പതിനായിരത്തിൽ താഴെയുണ്ടായിരുന്ന ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലായതിന് പിന്നിൽ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിലെ സിപിഎം വോട്ടു ചോർച്ചയല്ലാതെ മറ്റൊന്നുമല്ല. സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണന്റെ തട്ടകമായ തൃക്കരിപ്പൂർ നിയോജക മണ്ഡല പരിധിയിൽപ്പോലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം ചോർന്നുവെന്നത്  വോട്ടുചോർച്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ശബരിമല വിഷയം, കല്ല്യോട്ട് ഇരട്ടക്കൊല വിഷയം മുതലായ അനുകൂല ഘടകങ്ങളുണ്ടായിട്ടും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ണിത്താന്റെ ഭൂരിപക്ഷം 40,438 ആണ്.

പ്രത്യേകിച്ച് രാഷ്ട്രീയ തരംഗങ്ങളൊന്നുമില്ലാതിരുന്ന ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന എൽഡിഎഫിനെ ഞെട്ടിച്ച രാഷ്ട്രീയ അട്ടിമറിയിൽ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും എൽഡിഎഫ് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റികൾക്ക് ഒഴിഞ്ഞു മാറാനാകില്ല.

സിപിഎമ്മിന്റെ വിശകലന യോഗങ്ങളിൽ സിപിഎം ജില്ലാ സിക്രട്ടറിക്കെതിരെ അണികൾ ചെയ്ത ചതി ചർച്ചാവിഷയമാകും. ബ്രാഞ്ച് തലം തൊട്ട് ജില്ലാതലം വരെ നടക്കുന്ന തെരഞ്ഞെടുപ്പ് വിശകലന യോഗങ്ങളിൽ എം.വി. ബാലകൃഷ്ണന്റെ പരാജയം ചൂടേറിയ വാദ പ്രതിവാദങ്ങൾക്കിടയാക്കുമെന്ന് തീർച്ച. ഈ മാസം 16, 17 തീയ്യതികളിൽ നടക്കുന്ന സിപിഎം സംസ്ഥാന സിക്രട്ടറിയേറ്റ് യോഗത്തിലും 18,19,20 തീയ്യതികളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും കാസർകോട് ജില്ലാ സിക്രട്ടറിയുടെ പരാജയം ചർച്ചയാകും.

LatestDaily

Read Previous

കൊവ്വൽ പള്ളിയിൽ മുഖം മൂടി ആക്രമണം; കാറുകൾ അടിച്ച് തകർത്തു

Read Next

ഫാന്‍ പൊട്ടി വീണ് യുവാവ് മരണപ്പെട്ടു