സി.കെ. ആസിഫിന് അട്ടിമറി വിജയം- കെ.എം.എ. പ്രസിഡന്റായി ചുമതലയേറ്റു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിച്ച ഡ്രഗ് ഹൗസ് പാർട്ണർ  സി.കെ.ആസിഫിന് അട്ടിമറി വിജയം. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സി. യൂസഫ് ഹാജിക്കൊപ്പം ദീർഘകാലം കെ.എം.എ. സെക്രട്ടറിയായി പ്രവർത്തിച്ച എം. വിനോദിനെ 338നെതിരെ 378 വോട്ടുകൾ നേടിയാണ് ആസിഫ് വിജയം നേടിയത്. ആകെയുള്ള 801 മെമ്പർമാരിൽ 725 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു.

കഴിഞ്ഞ 30ന് ചേർന്ന ജനറൽ ബോഡിയോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എം.വിനോദിന്റെയും സി.കെ. ആസിഫിന്റെയും പേരുകൾ വന്നതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. ജില്ലാ പ്രസിഡന്റ് അഹ്മ്മദ് ഷെരീഫ്, ജനറൽ സെക്രട്ടറി കെ.ജെ. സജി, സെക്രട്ടറി ഹംസ പാലക്കി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രാവിലെ 11മണിക്കാംരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് 4മണിക്ക് അവസാനിച്ചതിനെ തുടർന്നാണ് വോട്ടെണ്ണൽ നടത്തി ജില്ലാ പ്രസിഡന്റ് അഹ്മദ് ഷരീഫ് ഫലപ്രഖ്യാപനം നടത്തിയത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സി. യൂസഫ് ഹാജി ജനറൽ സെക്രട്ടറി കെ.വി. ലക്ഷ്മണൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി, സെക്രട്ടറി ഹംസ പാലക്കി, മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ് ലം, എ. ഹമീദ്ഹാജി തുടങ്ങിയവർ ആസിഫിനെ അനുമോദിച്ച് സംസാരിച്ചു. സി. യൂസഫ്ഹാജി ആസിഫിന് പൂച്ചെണ്ട് നൽകി. കെ.എം.എ. ഓഫീസ് ജീവനക്കാരും വനിതാ വിംഗ് ഭാരവാഹികളും, യൂത്ത് വിംഗ് പ്രസിഡന്റ് നൗഷാദും ആസിഫിനെ അനുമോദിച്ചു.

ദീർഘകാലമായി കെ.എം. എ. ഭരണസമിതിയംഗമായി പ്രവർത്തിച്ചുവരുന്ന സി.കെ. ആസിഫിന് കാഞ്ഞങ്ങാട്ടും ദുബായിലും വ്യാപാര സ്ഥാപനങ്ങളുണ്ട്. രാഷ്ട്രീയ—മത—സാംസ്ക്കാരിക മേഖലകളിൽ സജീവസാന്നിധ്യമായ ആസിഫ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അജാനൂർ പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുകയുണ്ടായി.  കായിക മേഖലയിലും റോട്ടറി ക്ലബ്ബിലും സജീവ സാന്നിധ്യമായ ആസിഫ് നോർത്ത് ചിത്താരി സ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

LatestDaily

Read Previous

പുതിയ കോട്ടയിൽ തട്ടുകട കേന്ദ്രീകരിച്ച് സമാന്തര ബാർ

Read Next

കുടുംബശ്രീയുടെ പണം തട്ടിയെടുത്തു