പയ്യന്നൂർ കവർച്ച; കാഞ്ഞങ്ങാട് സ്വദേശിയടക്കം പോലീസ് വലയിൽ

പയ്യന്നൂര്‍: പയ്യന്നൂർ പെരുമ്പയിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന കവർച്ചാ സംഘം വലയിൽ. നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കാസർകോട് ജില്ലക്കാരായ രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കവർച്ച നടന്ന ദിവസം പയ്യന്നൂരിൽ കസ്റ്റഡിയിലുള്ളവരുടെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിലരെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. പെരുമ്പമുതല്‍ കാസർകോടുവരേയുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പോലീസ് ദിവസങ്ങളായി സൂക്ഷ്മമായി പരിശോധിച്ചിരുന്നു.

ഇതിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ അന്വേഷണ സംഘം മംഗളൂരുവിൽ പിടകൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചില സൂചനകൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംശയത്തിന്റെ നിഴലിലായ കാഞ്ഞങ്ങാട്ടെകുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയേയും കസ്റ്റഡിയിലെടുത്തത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ കീഴിൽ പയ്യന്നൂര്‍ ഡിവൈഎസ്പി എ. ഉമേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഈ മാസം 21നാണ് പെരുമ്പ കൃഷ്ണാ ട്രേഡേഴ്‌സിന് സമീപത്തെ റഫീഖ് മന്‍സിലില്‍ സി.കെ. സുഹ്റയുടെ വീട്ടിൽ കവര്‍ച്ച നടന്നത്. സുഹ്‌റയുടെ മകൾ സാജിതയും കുട്ടികളും മുകള്‍ നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു വീടിന്റെ മുൻ വാതില്‍ കുത്തിത്തുറന്ന് താഴത്തെ നിലയിലെ രണ്ടുമുറികളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്.

Read Previous

ഓൺലൈൻ ട്രേഡിന്റെ മറവിൽ കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ

Read Next

സൽമാനെ കോടതിയിൽ ഹാജരാക്കി