പടന്ന സിപിഎം ലോക്കൽ സ്റ്റേഷൻ മാർച്ച് ജില്ലാ നേതൃത്വം അറിയാതെ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പടന്ന തെക്കേക്കാട്ടെ സിപിഎം അനുഭാവിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ക്കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ റിമാന്റിലായ സിപിഎം പ്രവർത്തകർക്ക് വേണ്ടി പാർട്ടി പടന്ന ലോക്കൽ കമ്മിറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് സൂചന.

മെയ് 7നാണ് ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം പടന്ന ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ തെക്കേക്കാട്ടെ പി.പി. രവിയുടെ ഭാര്യ കെ. പ്രീജയുടെ ഉടമസ്ഥതയിലുള്ള സ്ക്കൂട്ടി മൂന്നംഗ സംഘം പെട്രോളൊഴിച്ച് കത്തിച്ചത്. സ്ക്കൂട്ടി കത്തിച്ച് ഓടിപ്പോയവരെ പ്രീജ നേരിൽക്കണ്ടിരുന്നു.

ഇതേത്തുടർന്ന് പ്രീജ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ സിപിഎം പ്രവർത്തകരായ ഹരീഷ്, ശ്രീജേഷ്, സഞ്ജയ് എന്നിവരെ പ്രതിയാക്കി കേസ്സെടുത്തു. അറസ്റ്റിലായ പ്രതികൾ റിമാന്റിലായതിന് പിന്നാലെയാണ് തീവെപ്പ് കേസ്സിൽ റിമാന്റിലായത് യഥാർത്ഥ പ്രതികളല്ലെന്ന അവകാശവാദവുമായി സിപിഎം പടന്ന ലോക്കൽ കമ്മിറ്റി ഇന്ന് പോലീസ്  സ്റ്റേഷൻ മാർച്ച് നടത്തിയത്.

ഇന്ന് രാവിലെ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് നടന്ന സിപിഎം മാർച്ച് ചെറുവത്തൂർ ഏരിയാ സിക്രട്ടറി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആർ. രമണൻ അധ്യക്ഷനായിരുന്നു. സിപിഎം ചെറുവത്തൂർ ഏരിയാക്കമ്മിറ്റിയംഗം മാധവൻ മണിയറ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവ് പി.സി. സുബൈദ, ടി. കൃഷ്ണൻ മുതലായവർ സംസാരിച്ചു.

സിപിഎം അനുഭാവിയായ പി.പി. രവി കരിന്തളം കാട്ടിപ്പൊയിൽ ആയുർവ്വേദ ആശുപത്രിയിലെ ഫാർമസിസ്റ്റാണ്. ഇടതു സർവ്വീസ് സംഘടനയുടെ പ്രവർത്തകൻ  കൂടിയായ രവിയുടെ മകൻ ഉദിനൂർ ഹൈസ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ടാണ്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീജയും സിപിഎം അനുഭാവിയാണ്. സിപിഎമ്മിൽ അടിയുറച്ച് വിശ്വസിക്കുന്ന പി.പി. രവിയെയും കുടുംബത്തെയും പാർട്ടി പ്രാദേശിക നേതൃത്വവും പടന്ന ലോക്കൽ കമ്മിറ്റിയും വേട്ടയാടുന്നതിനെതിരെ രവിയുടെ ഭാര്യ പ്രീജ സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണന് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞതിന് പിന്നിൽ രവിയും കുടുംബവുമാണെന്നാരോപിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയംഗം എസ്. രമണൻ, ആർ. റജി എന്നിവർ നിരന്തരം വേട്ടയാടുന്നുവെന്നാണ് പ്രീജ സിപിഎം ജില്ലാ സിക്രട്ടറിക്കയച്ച പരാതിയിൽപ്പറയുന്നത്. തീവെപ്പ് കേസ്സിൽ റിമാന്റിലായ പി.വി. ഹരീഷ്, സിപിഎം തെക്കേക്കാട് വടക്ക് ബ്രാഞ്ചംഗവും, പി.വി. ശ്രീജേഷ്  തെക്കേക്കാട് തെക്ക് ബ്രാഞ്ചംഗവുമാണ്. ഇവരുടെ കൂട്ടുപ്രതിയായ സി.വി. സഞ്ജയ് കോൺഗ്രസ് അനുഭാവിയാണെന്നാണ് സൂചന.

LatestDaily

Read Previous

ആത്മീയ ചൂഷണത്തിനിരയായ മഡിയനിലെ കുടുംബം വ്യാജ സിദ്ധന്റെ മായാവലയത്തിൽ

Read Next

ആ കുന്നിൽ നിന്നും വീണ്ടും മരം കടപുഴകി വീണു