ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദും സംഘവും ഇന്ന് രാവിലെ പ്രതി സൽമാനോടൊപ്പമെത്തിയാണ് തൊണ്ടിമുതൽ കണ്ടെത്തിയത്
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതി ഇരയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണാഭരണം കൂത്തുപറമ്പിലെ പ്രകാശ് ജ്വല്ലറിയിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. പീഡനക്കേസ്സിൽ പ്രതിയായ സൽമാൻ 6100 രൂപയ്ക്കാണ് സ്വർണ്ണക്കമ്മൽ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിറ്റത്. ഇന്ന് രാവിലെ പ്രതിയോടൊപ്പം കൂത്തുപറമ്പിലെത്തിയ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദാണ് തൊണ്ടിമുതൽ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തിയത്.
പോലീസ് കസ്റ്റഡിയിൽ വിട്ടയച്ച പ്രതിയുടെ രക്തസാമ്പിളുകളും മുടിയുടെ സാമ്പിളുകളും അന്വേഷണ സംഘം ഇന്നലെ ശേഖരിച്ചിരുന്നു. സൽമാൻ എന്ന പി.ഏ. സലീമിന്റെ രക്തസാമ്പിളുകളും മുടി സാമ്പിളുകളും ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിച്ചാണ് ശേഖരിച്ചത്. ഇവ പരിശോധനയ്ക്കായി കണ്ണൂരിലെ ഫോറൻസിക് ലാബിലയച്ചു. ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ പ്രതിയായ സൽമാനെ ഇന്നലെയാണ് കാസർകോട് കോടതി അന്വേഷണോദ്യോഗസ്ഥനായ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.
മെയ് 15–ന് പുലർച്ചെ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സൽമാൻ കുട്ടിയുടെ കാതിലണിഞ്ഞിരുന്ന കമ്മൽ പിടിച്ചുപറിച്ച് കുട്ടിയെ വയലിൽ ഉപേക്ഷിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. അന്നേ ദിവസം പുലർച്ചെ തന്നെ ട്രെയിൻ മാർഗ്ഗം കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട പ്രതി ആദ്യമെത്തിയത് കണ്ണൂർ കൂത്തുപറമ്പ് മാനന്തേരിയിലെ സഹോദരിയുടെ വീട്ടിലാണ്.
മോഷണ മുതലായ സ്വർണ്ണം സഹോദരിയുടെ സഹായത്തോടെ കൂത്തുപറമ്പിൽ വിറ്റ സൽമാൻ പോലീസിനെ ഭയന്നുള്ള ഓട്ടത്തിലായിരുന്നു. കൂത്തുപറമ്പിൽ നിന്നും ബംഗളൂരുവിലേക്കും അവിടെ നിന്നും മുംബൈയിലേക്കും കടന്ന പ്രതി ആന്ധ്രയിലെ അദോണിയിലെത്തുമ്പോഴേക്കും ഹൊസ്ദുർഗ് പോലീസ് പിന്നാലെയെത്തിയിരുന്നു. ബംഗളൂരു, മുംബൈ, ആന്ധ്ര എന്നിവിടങ്ങളിലൊന്നും പ്രതി ഒളിവിൽ താമസിച്ചിട്ടില്ലാത്തതിനാൽ തെളിവെടുപ്പിനായി സൽമാനെ ഇവിടങ്ങളിലെത്തിക്കേണ്ടി വരില്ലെന്നാണ് സൂചന.
പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്ത മുടി നാരിഴകൾ സൽമാന്റേതാണോയെന്ന് പരിശോധിക്കാനാണ് ഇന്നലെ ജില്ലാ ആശുപത്രിയിൽ പ്രതിയുടെ മുടിനാരിഴകൾ ശേഖരിച്ചത്. സംഭവ ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ നേരത്തെ തന്നെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചതെങ്കിലും, കസ്റ്റഡി കാലാവധിക്കുള്ളിൽ മുഴുവൻ തെളിവുകളും ശേഖരിക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.