സൽമാൻ കമ്മൽ വിറ്റത് സഹോദരിയെ തെറ്റിദ്ധരിപ്പിച്ച്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം സ്വർണ്ണക്കമ്മൽ അഴിച്ചെടുത്ത് വയലിലുപേക്ഷിച്ച കേസ്സിൽ റിമാന്റിലുള്ള പ്രതിയെ നാളെ അന്വേഷണ സംഘം  കസ്റ്റഡിയിൽ വാങ്ങും. കുടക് ജില്ലയിലെ നാപ്പോക്ക് സ്വദേശി സൽമാനെന്ന പി.ഏ. സലീം മോഷ്ടിച്ച സ്വർണ്ണം വിറ്റത് കൂത്തുപറമ്പ് മാനന്തേരിയിലുള്ള സഹോദരിയുടെ സഹായത്തോടെയാണ്.

മെയ് 15-ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി  പീഡിപ്പിച്ച സൽമാൻ അന്ന് പുലർച്ചെ തന്നെ ട്രെയിൻ മാർഗ്ഗം രക്ഷപ്പെട്ടിരുന്നു.  മാനന്തേരിയിലെ സഹോദരിയുടെ വീട്ടിലെത്തിയ സൽമാൻ മോഷ്ടിച്ച സ്വർണ്ണം വിൽക്കാൻ സഹോദരിയുടെ സഹായമഭ്യർത്ഥിച്ചു. സ്വന്തം കുട്ടിയുടെ സ്വർണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സൽമാൻ മോഷണ മുതൽ വിൽക്കാൻ സഹോദരിയുടെ സഹായം തേടിയത്.  ജോലി തേടി പ്പോകാനുള്ള ചെലവിനാണെന്ന് പറഞ്ഞാണ് ആഭരണം സഹോദരിയുടെ സഹായത്തോടെ വിറ്റത്. സഹോദരൻ ഹൊസ്ദുർഗ് പോലീസ്  തെരയുന്ന  പീഡനക്കേസിലെ പ്രതിയാണെന്ന് പെങ്ങൾ അറിഞ്ഞിരുന്നില്ല.

പീഡനക്കേസിലെ പ്രതി സൽമാനാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ  ഹൊസ്ദുർഗ് പോലീസ് മാനന്തേരിയിലെത്തിയപ്പോഴാണ് പ്രതിയുടെ സഹോദരി വിവരമറിഞ്ഞത്. സൽമാൻ പീഡനക്കേസിൽ പ്രതിയായ വിവരം സഹോദരി അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. നാളെ കസ്റ്റഡിയിൽ ലഭിക്കുന്ന സൽമാനുമായി  ഹൊസ്ദുർഗ് പോലീസ് തെളിവ് ശേഖരണത്തിനായി കൂത്തുപറമ്പ് മാനന്തേരിയിലും മോഷണ മുതൽ വിറ്റതായി സംശയിക്കുന്ന ചെറുവാഞ്ചേരിയിലെ ജ്വല്ലറിയിലുമെത്തും.

ഡിഎൻഏ  പരിശോധനയ്ക്കായുള്ള രക്തസാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതിയെ ആശുപത്രിയിലുമെത്തിക്കും. പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് ജില്ലാ ആശുപത്രിയിൽ നടന്ന പരിശോധനയിൽ തെളിഞ്ഞിരുന്നതിനാൽ പ്രതിയുടെ ഡിഎൻഏ പരിശോധനാഫലം കേസന്വേഷണത്തിൽ നിർണ്ണായകമാണ്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

LatestDaily

Read Previous

ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു

Read Next

സ്വകാര്യ ബസിൽ നിന്നും രേഖകളില്ലാത്ത 10 ലക്ഷം രൂപ പിടികൂടി