യു.എ.ഇ യിൽ സന്ദർശക വിസക്കാർക്ക് നിബന്ധന കടുപ്പിക്കുന്നു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: യു.എ.ഇ യിലേക്ക്  സന്ദർശക വിസയിൽ പോകാനെത്തുന്നവർ നിബന്ധനകളെ  കുറിച്ച് ശരിക്കും മനസിലാക്കാത്തതിനെ തുടർന്ന് യു.എ.ഇ എയർ പോർട്ടിൽ നിന്ന്  തന്നെ നാട്ടിലേക്ക് തിരിക്കാനുള്ള സാഹചര്യമുണ്ടാവുന്നു. കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലേയും, അബൂദാബിലെയും വിമാനത്താവളങ്ങളിറങ്ങിയ സന്ദർശക വിസക്കാരിൽ നിരവധി പേരുടെ യാത്രമുടങ്ങി. സന്ദർശകവിസയിൽ യു.എ.ഇ യിലെത്തുന്നവർ ചിലവിനുള്ള തുകയായ 5000 ദിർഹം (1.35 ലക്ഷം രൂപ) യും തിരിച്ചുള്ള യാത്രാ ടിക്കറ്റും അടുത്ത ബന്ധുക്കളെക്കുറിച്ചുള്ള വിശദാംശങ്ങളും  കരുതണമെന്നാണ് വ്യവസ്ഥ.

സന്ദർശക വിസയിൽ പോവുന്നവർ ജോലി അന്വേഷിക്കുന്നവരാവരുത്. പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയുണ്ടാവണം. ചില രാജ്യക്കാർക്ക് അതാത് രാജ്യങ്ങളിൽ നിന്നുളള തിരിച്ചറിയൽ കാർഡുകളും ഉണ്ടാവണം ഇത്തരം നിബന്ധനകൾ പാലിക്കാതെ  യു.എ.ഇ യിൽ എത്തിയവർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ച് പോരേണ്ടി വന്നത് നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് കാരണം. യു.എ.ഇ യിൽ റസിഡൻസ് വിസയിൽ വന്നവരുടെ കൂടെ വിസിറ്റിംഗ് വിസയിൽ വന്നവർക്ക് യു.എ.ഇ അധികൃതർ പ്രവേശനം അനുവദിക്കുന്നുണ്ട്.യു.കെ, യൂറോ പ്യൻ, യൂണിയനിൽ രാജ്യങ്ങൾ അനുവദിക്കുന്ന റസിഡന്റ് വിസയുള്ളവർക്കും മാത്രമാണ് യു.എ.ഇ യിൽ വിസ ഓൺ അറൈവൽ അനുവദിക്കുന്നത്.

നിയമങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ യു.എ.ഇ ടൂറിസ്റ്റ്  വിസയിൽ എത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കാറില്ല. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ എമിഗ്രേഷൻ വിഭാഗം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും  പരിശോധന നടത്തി നടപടിയെടുക്കുകയും ചെയ്യാറുണ്ട്.

എമിഗ്രേഷൻ വിഭാഗത്തിനല്ലാതെ വിമാനക്കമ്പനികൾക്ക് യാത്രാരേഖകൾ പൂർണമായും പരിശോധിക്കാൻ അധികാരമില്ല. എമിഗ്രേഷൻ വിഭാഗം പുറത്ത് വിടുന്ന സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾ യാത്രക്കാരുടെ നിർദ്ദേശം നൽകേണ്ടതാണ്. വിസ അപേക്ഷ സമയത്ത് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് രേഖകൾ ഹാജരാക്കാത്തതിനാൽ തിരിച്ചയക്കുന്നവരെ തിരികെ നാട്ടിലയക്കാനുള്ള ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കുണ്ട്. എന്നാൽ ട്രാവൽ ഏജൻസികൾ ഡമ്മി ടിക്കറ്റുകൾ ഹാജരാക്കിയാണ് വിസയെടുക്കുന്നത്. ഇത് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങാനിടയാക്കുന്നു. എന്നാൽ ഇത് സംബന്ധമായി പുതിയ നിബന്ധനകളൊന്നും യു.എ.ഇ പുറപ്പെടുവിച്ചിട്ടില്ല. നേരത്തെയുള്ള നിയമങ്ങൾ കർശനമാക്കുമ്പോഴാണ് സന്ദർശക വിസക്കാർക്കും ട്രാവൽ ഏജൻസികൾക്കും ബുദ്ധിമുട്ടുണ്ടാവുന്നത്.

LatestDaily

Read Previous

സിഎച്ച് അബൂബക്കറിന്റെ വേർപാട് നാടിന്റെ ദുഃഖമായി

Read Next

മന്ത്രിസ്ഥാനത്തിനായി തോമസ്.കെ.തോമസ് മുഖ്യമന്ത്രിക്ക്കത്ത് നൽകി; എൻ.സി.പി.യിൽ വിഭാഗീയത ശക്തം