ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
അജാനൂർ: സംസ്ഥാന പാതയിൽ സെൻട്രൽ ചിത്താരിയിലുണ്ടായ പാചക വാതക ചോർച്ചയിൽ മുൾമുനയിലായത് ചിത്താരി പ്രദേശവാസികൾ. രാവിലെ 6 മണിയോടെയാണ് ചിത്താരി ഹിമായത്തുൽ ഇസ്ലാം മദ്രസ്സയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ പാചകവാതക ചോർച്ചയുള്ളതായി ഡ്രൈവർക്ക് സംശയമുണ്ടായത്. ഉടൻടാങ്കർ പരിശോധിച്ചപ്പോൾ, പ്രധാന വാൾവിനടുത്ത് ചോർച്ചയുള്ള കാര്യം ഉറപ്പിക്കുകയായിരുന്നു.
പിന്നീട് അഗ്നിരക്ഷാ സേനയേയും നിമിഷ നേരം കൊണ്ട് വിവരമറിയിക്കുകയായിരുന്നു.കാഞ്ഞങ്ങാട് നിന്നുമെത്തിയ അഗ്നിരക്ഷാ സേനയും പോലീസും 18 ടൺ ഭാരം വാതകം സൂക്ഷിച്ചിരുന്ന ടാങ്കറിൽ നിന്നും ചോർച്ച തടയാനുള്ള ശ്രമം നടത്തിയെങ്കിലും, ഫലം കണ്ടില്ല.
ഇതിനിടയിൽ കാസർകോട്ട് നിന്നുള്ള അഗ്നിരക്ഷാ സേനയുടെ മറ്റൊരു യൂണിറ്റും സംഭവ സ്ഥലത്ത് കുതിച്ചെത്തി. പക്ഷേ പാചക വാതക ചോർച്ച പൂർണ്ണമായും തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നാട്ടുകാരും പരിസര പ്രദേശത്തെ താമസക്കാരും ആശങ്കയുടെ മുൾമുനയിലാവുകയായിരുന്നു. പോലീസും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് പ്രദേശത്തെ താമസക്കാരെ മാറിത്താമസിക്കാൻ മുന്നറിയിപ്പ് നൽകിയതോടെ പെട്ടെന്ന് എന്ത് തീരുമാനമെടുക്കണമെന്നറിയാതെ കുടുംബങ്ങൾ പ്രതിസന്ധിയിലായി. എന്നാൽ പലരും കണ്ണൂരിലെ ചാലയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന പാചക വാതക ദുരന്തത്തിന്റെ ഓർമ്മയെത്തുടർന്ന് അത്യാവശ്യ സാധനങ്ങളുമായി സമയം പാഴാക്കാതെ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയായിരുന്നു.
രാവിലെ മുതലേ ശ്വാസ സംബന്ധമായ ഒരു അസ്വസ്ഥതയും വാതകച്ചോർച്ചയുടെ അസഹനീയ ഗന്ധവും അനുഭവപ്പെട്ടതായി പരിസരത്തെ താമസക്കാരനും കാഞ്ഞങ്ങാട്ടെ വ്യാപാരിയുമായ സി.എച്ച്. ഹസ്സൻ ഹാജി ലേറ്റസ്റ്റിനോട് പറഞ്ഞു. രാവിലെ 6 മണി മുതൽ നാടിനെ ഭയാശങ്കയിലാക്കിയ വാതകച്ചോർച്ച വൈകുന്നേരം 6 മണിയോടെയാണ് മംഗ്ലൂരുവിൽ നിന്നുള്ള അടിയന്തിര റെസ്ക്യൂ വാഹനമെത്തി വൻസുരക്ഷാ സന്നാഹത്തോടെ മറ്റ് രണ്ട് ടാങ്കർ ലോറികളിലേക്ക് മാറ്റിയത്. ഈ സമയം വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു