ഞാണിക്കടവ് പീഡനക്കേസ് പ്രതി ആന്ധ്രയിൽ കുടുങ്ങി, പ്രതി സൽമാനെ ഇന്ന് രാത്രി കാഞ്ഞങ്ങാട്ടെത്തിക്കും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വർണ്ണാഭരണം കവർന്ന് വയലിൽ ഉപേക്ഷിച്ച പ്രതി ആന്ധ്രാപ്രദേശിലെ ഗോദാവരിയിൽ പിടിയിൽ. മെയ് 15-ന് പുലർച്ചെ 3 മണിക്ക് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്തുവയസ്സുകാരിയെ ഉറക്കത്തിൽ ചുമന്നുകൊണ്ടുപോയി  പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് കണ്ടെത്തിയ ഞാണിക്കടവിലെ സൽമാനെയാണ് ആന്ധ്രയിൽ കണ്ടെത്തിയത്.

ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ പ്രതിയായ സൽമാന് വേണ്ടി അന്വേഷണ സംഘം കർണ്ണാടകയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി ആന്ധ്രയിലുണ്ടെന്ന സൂചന  ലഭിച്ചത്. ഭാര്യയുടെ ഫോണിലേക്ക് വിളിച്ച ഫോൺ സന്ദേശത്തിലൂടെയാണ് പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തിയത്.

ഇതേത്തുടർന്ന് കർണ്ണാടക മാണ്ഡ്യയിൽ അന്വേഷണം നടത്തുകയായിരുന്ന പോലീസ് സംഘം ആന്ധ്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂർ ഡിഐജി തോംസൺ ജോസിന്റെ മേൽനോട്ടത്തിൽ കാസർകോട് ജില്ലാ പോലീസ് മേധാവി പി. ബിജോയിയുടെ  നേതൃത്വത്തിൽ കാഞ്ഞങ്ങാാട് ഡിവൈഎസ്പി, വി. വി. ലതീഷിനാണ് അന്വേഷണച്ചുമതല. ഇദ്ദേഹത്തെ സഹായിക്കാൻ ജില്ലയിൽ നിന്നും സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പിമാരായ പി. ബാലകൃഷ്ണൻ നായർ, സി.കെ. സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ട്.

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദടക്കമുള്ള അന്വേഷണ സംഘങ്ങൾ പലവഴിക്ക് തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായാത്. ആന്ധ്രയിൽ വലയിലായ പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം ഉന്നത പോലീസുദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തും. ഒമ്പത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പീഡനക്കേസ്സ് പ്രതി വലയിലായത്. 

LatestDaily

Read Previous

കാറഡുക്ക പണയത്തട്ടിപ്പ്; സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കാൻ ബാങ്കുകളില്‍ പരിശോധന

Read Next

വാതകം മാറ്റിയതോടെ നാടിന്റെ ആശങ്ക മാറി