പാചകവാതക ടാങ്കറുകൾ ഭീതി വളർത്തുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ചിത്താരിയിൽ പാചക വാതക ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ചയുണ്ടായതോടെ കെ എസ് ടി പി സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്ന് രാവിലെ 7. 30 മണിയോടെയാണ് സെന്റർ ചിത്താരി ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം നിർത്തിയിട്ടിരുന്ന പാചകവാതക ടാങ്കറിൽ ചോർച്ചയുണ്ടായത്. കെഎസ്ടിപി റോഡിൽ ഗതാഗതം സ്തംഭിച്ചതോടെ ജില്ലയിലെ ഗതാഗത സംവിധാനവും മണിക്കൂറുകളോളം താറുമാറായി.

ദേശീയപാത വഴിയും കെഎസ്ടിപി സംസ്ഥാനപാത വഴിയും പകൽ സമയങ്ങളിലോടുന്ന പാചകവാതക ടാങ്കർ ലോറികൾ റോഡിൽ ഇടയ്ക്കിടെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് പതിവാണ്. ഗ്യാസ് ടാങ്കർ ലോറികൾ പകൽ സമയങ്ങളിൽ തിരക്കേറിയ റോഡുകളിൽ ഓടുന്നത് നിയന്ത്രിക്കുക മാത്രമാണ് ഇതിന് പരിഹാരം.

പാചകവാതക ടാങ്കർ ലോറികൾ അടക്കമുള്ള കൂറ്റൻ കണ്ടെയ്നർ വാഹനങ്ങൾ പകൽ സമയങ്ങളിൽ ഓടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം പണ്ടുമുതലേ ഉള്ളതാണെങ്കിലും മോട്ടോർ വാഹന വകുപ്പ് ഇത് പരിഗണിച്ചിട്ടില്ല. പാചകവാതക ചോർച്ചയെ തുടർന്ന് കണ്ണൂർ ചാലയിലുണ്ടായ അപകടത്തിന് ശേഷം ഇത്തരം വാഹനങ്ങളെ ഭയപ്പാടോടെയാണ് പൊതുജനം കാണുന്നത്.

നേരിയ അശ്രദ്ധ പോലും വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നതിനാൽ പകൽ സമയങ്ങളിലെ പാചകവാതക ടാങ്കർ ലോറികളുടെ ഓട്ടം നിയന്ത്രിക്കണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്. ചിത്താരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിലാണ് വാതക ചോർച്ചയുണ്ടായത്. ചോർച്ചയുണ്ടായ ടാങ്കറിലെ പാചക വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷം സ്ഥലത്ത് നിന്നും നീക്കം. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

LatestDaily

Read Previous

വ്യാപാരി നേതൃസ്ഥാനം ഒഴിയുന്നതിന് പിന്നിൽ സമ്മർദ്ദമില്ല: സി. യൂസഫ് ഹാജി

Read Next

പെരിയ ഫോട്ടോയെടുപ്പ്: കെ.പി.സി.സി അന്വേഷണ സംഘം നാളെ എത്തും