കാറഡുക്ക പണയത്തട്ടിപ്പ്; സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കാൻ ബാങ്കുകളില്‍ പരിശോധന

സ്വന്തം ലേഖകൻ

കാറഡുക്ക: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയർ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പണയപ്പെടുത്തിയ സ്വർണ്ണത്തിന്റെ കണക്കെടുക്കാൻ അന്വേഷണ സംഘം വിവിധ ബാങ്കുകളില്‍ പരിശോധന നടത്തി. സംഘത്തില്‍ നിന്ന് കടത്തിയ സ്വർണ്ണം പണയം വച്ച പൊയിനാച്ചി, കാസർകോട്, കാഞ്ഞങ്ങാട്, മാവുങ്കാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ബാങ്കുകളിലാണ് പരിശോധന നടന്നത്.

അന്വേഷണം ഊർജ്ജിതമാക്കിയിട്ടും ഒളിവില്‍ പോയ സൊസൈറ്റി സെക്രട്ടറി അടക്കം രണ്ട് പ്രതികളെ കണ്ടെത്താനായില്ല. സെക്രട്ടറി കർമ്മംതൊടി ബോളക്കണ്ടത്തെ കെ.രതീഷ്, കണ്ണൂർ താണ സ്വദേശി ജബ്ബാർ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. തുടക്കത്തില്‍ ആദൂർ പോലീസ് അന്വേഷിച്ച കേസിന്റെ ചുമതല ഇപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് . സൊസൈറ്റിയില്‍ തട്ടിപ്പ് നടത്താൻ ഒത്താശ നല്‍കിയ മൂന്നുപേരെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവില്‍ റിമാൻഡിലാണ്.

പള്ളിക്കര പഞ്ചായത്തംഗമായ മൗവ്വല്‍ സ്വദേശി കെ അഹമ്മദ് ബഷീർ 60, അഹമ്മദ് ബഷീറിന്റെ ഡ്രൈവർ അമ്പലത്തറ പറക്കളായിയിലെ എ. അബ്ദുല്‍ഗഫൂർ 26, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ.അനില്‍കുമാർ 55 എന്നിവരാണ് റിമാൻഡിലുള്ളത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബു പാപ്പച്ചനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

രതീഷ് സഹകരണ സംഘം ഓഫീസിലെ ലോക്കറില്‍ നിന്നെടുത്ത പണയ ഉരുപ്പടികള്‍ ജില്ലയിലെ വിവിധ ബാങ്കുകളിലായി 1.25 കോടി രൂപക്കാണ് മൂന്നുപേർ ചേർന്ന് പണയം വെച്ചത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ സ്വർണ്ണാഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും ഒരു പോലീസ് ടീം ഇപ്പോഴും കർണ്ണാടകയില്‍ ക്യാമ്പ് ചെയ്ത് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജില്ലാ പോലീസ് മേധാവി പി. ബിജോയിയും അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.

LatestDaily

Read Previous

പെരിയ ഫോട്ടോയെടുപ്പ്: കെ.പി.സി.സി അന്വേഷണ സംഘം നാളെ എത്തും

Read Next

ഞാണിക്കടവ് പീഡനക്കേസ് പ്രതി ആന്ധ്രയിൽ കുടുങ്ങി, പ്രതി സൽമാനെ ഇന്ന് രാത്രി കാഞ്ഞങ്ങാട്ടെത്തിക്കും