ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു

സ്വന്തം ലേഖകൻ

അജാനൂർ: കെഎസ്ടിപി സംസ്ഥാന പാതയിൽ ചിത്താരിയിലുണ്ടായ പാചക വാതക ചോർച്ചയെത്തുടർന്ന് പ്രദേശവാസികളായ നൂറോളം കുടുംബങ്ങളെ  പോലീസും നാട്ടുകാരും ബന്ധുവീടുകളിലേക്ക് മാറ്റി. ഇന്ന് രാവിലെ 6 മണിയോടെയാണ് ചിത്താരി ഹിമായത്തുൽ ഇസ്ലാം മദ്രസ്സയ്ക്ക് സമീപം നിർത്തിയിട്ട പാചക വാതക ടാങ്കറിൽ നിന്നും വാതക ചോർച്ചയുണ്ടായത്.

മംഗളൂരുവിൽ നിന്നും പാചകവാതകം നിറച്ച ടാങ്കറുമായി കോഴിക്കോട്ടേക്ക് പോകുന്നതിനിടെ ചിത്താരിയിൽ നിർത്തിയിട്ട രണ്ട് ടാങ്കറുകളിലൊന്നാണ് ചോർച്ചയുണ്ടായത്. റോഡരികിൽ വിശ്രമത്തിനായി ഡ്രൈവർമാർ നിർത്തിയിട്ടതായിരുന്നു ടാങ്കർ ലോറികൾ. ടാങ്കറിൽ ചോർച്ചയുണ്ടായ വിവരമറിഞ്ഞയുടൻ ഡ്രൈവർമാർ നാട്ടുകാരുടെ സഹായത്തോടെ ചോർച്ചയടക്കാൻ ശ്രമിച്ചുവെങ്കിലും, സാധിച്ചില്ല. ഇതേത്തുടർന്ന് ഹൊസ്ദുർഗ് അഗ്നിരക്ഷാ നിലയത്തിലും പോലീസ്സിലും വിവരമറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ വാതക ചോർച്ചയടക്കാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ, മംഗളൂരുവിലെ പാചകവാതക പ്ലാന്റിൽ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ, എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിസരവാസികളോട് ബന്ധുവീടുകളിലേക്ക് മാറാനാവശ്യപ്പെട്ടത്. പാചക വാതക ചോർച്ചയുണ്ടായ വിവരമറിഞ്ഞയുടൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തുള്ള  വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

രാവിലെയുണ്ടായ ശക്തമായ മഴ വാതക ചോർച്ച മൂലമുണ്ടായേക്കാവുന്ന അപകട സാധ്യത കുറച്ചു.  കാഞ്ഞങ്ങാടിനും കാസർകോടിനുമിടയിലുള്ള കെഎസ്ടിപി സംസ്ഥാന പാതയിൽ കോട്ടച്ചേരി ട്രാഫിക് സർക്കിൾ, മഡിയൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ചാണ് പോലീസ് ഗതാഗതം വഴിതിരിച്ചുവിട്ടത്.

ട്രാഫിക് ജംഗ്ഷൻ വഴിയുള്ള വാഹനങ്ങൾ ദേശീയപാത വഴിയും മഡിയൻ ജംഗ്ഷൻ വഴിയുള്ള വാഹനങ്ങൾ വെള്ളിക്കോത്ത് വഴി ദേശീയ പാതയിലേക്കും കടത്തിവിട്ടുമാണ് ഗതാഗതം നിയന്ത്രിച്ചത്. മംഗളൂരുവിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി ചോർച്ചയുള്ള ടാങ്കറിലെ പാചക വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷം കെഎസ്ടിപി പാത വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും.

LatestDaily

Read Previous

പയ്യന്നൂർ കവർച്ച; 30 പവൻ വീടിനുള്ളിൽ കണ്ടെത്തി

Read Next

കാഞ്ഞങ്ങാട് സൗത്ത് സ്ക്കൂളിന് സമീപം വയൽ നികത്താൻ ശ്രമം