പയ്യന്നൂർ കവർച്ച; 30 പവൻ വീടിനുള്ളിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

പയ്യന്നൂര്‍: വീട്ടുകാര്‍  ഉറങ്ങിക്കിടക്കുമ്പോൾ വീടുകുത്തിതുറന്ന് 76 പവനും 4000 രൂപയും കവര്‍ച്ച ചെയ്ത കേസിൽ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ ഗൾഫിലുള്ള വീട്ടുകാരിയുടെ യുവതിയുടെ 30 പവൻ ആഭരണങ്ങൾ കണ്ടെത്തി. കവർച്ചക്ക് പിന്നിൽ വാഹനത്തിലെത്തിയ അഞ്ചംഗ പ്രഫഷണൽ സംഘമെന്ന് സൂചന. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പെരുമ്പ കൃഷ്ണാ ട്രേഡേഴ്സിന് സമീപത്തെ റഫീഖ് മന്‍സിലില്‍ സി.കെ. സുഹ്‌റയുടെ വീട്ടിൽ കവർച്ച നടന്നത്.

താഴത്തെ മുറികളിൽ അലമാരയില്‍ സൂക്ഷിച്ചിരുന്ന 76 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും നാലായിരം രൂപയും നഷ്ടപ്പെട്ടതായി സുഹ്റയുടെ മകള്‍ സി.കെ. സാജിത നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് 30 പവന്റെ ആഭരണങ്ങൾ കണ്ടെത്തിയത്. സുഹ്‌റയുടെ ഗള്‍ഫിലുള്ള മരുമകള്‍ ഹസീന അലമാരയിലെ താഴത്തെ  വലിപ്പിൽ പേഴ്സിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർച്ചക്കാരുടെ കണ്ണില്‍പ്പെടാതെ പോയത്.

ആഭരണങ്ങള്‍  പേഴ്‌സിൽ അലമാരയില്‍ സൂക്ഷിച്ചിരുന്ന വിവരം വീട്ടിലുള്ളവരോട് പറയാതിരുന്നതിനാല്‍ വീട്ടിലുള്ളവര്‍ക്കും ഇക്കാര്യം അറിയില്ലായിരുന്നു.ഇത്രയും ആഭരണങ്ങള്‍ തിരിച്ചു കിട്ടിയ വിവരമറിയിച്ചപ്പോഴാണ് ഹസീന സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണിതെന്ന് മനസിലായത്. ഇതേതുടര്‍ന്ന് 30പവൻ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടിയ വിവരം വീട്ടുകാര്‍തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു.

കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. സമീപ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ രണ്ടേ കാലിനും നാലരക്കുമിടയില്‍ ഒരേ വ്യക്തി അഞ്ച് പ്രാവശ്യം ഇതിലൂടെ ടോര്‍ച്ച് തെളിച്ച് പോകുന്നതായി കണ്ടെത്തി.  നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച  ശേഷം ഡിവൈഎസ്.പി, എ. ഉമേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജീവൻ ജോർജ്ജ്, എസ്.ഐ എം.കെ. രഞ്ജിത്ത് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി.

അതേ സമയം കണ്ടോത്ത് പൂട്ടിക്കിടന്ന വീട്ടില്‍ നടത്തിയ മോഷണ ശ്രമത്തിലും പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാങ്കോല്‍ വെസ്റ്റ്കോസ്റ്റ് കമ്പനി ജീവനക്കാരന്‍ കണ്ടോത്ത് കിഴക്കേ കൊവ്വലിലെ പീടിയക്കല്‍ ഡൊമിനിക്ക് തോമസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തേക്ക് പോയ ഇവര്‍ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതിലും കിടപ്പുമുറികളിലെ അലമാരകളും കുത്തിത്തുറന്ന് നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച പരാതിയിലും പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

LatestDaily

Read Previous

മിഠായിക്കള്ളൻ റിമാന്റിൽ

Read Next

ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു