മർച്ചന്റ്സ് അധ്യക്ഷ പദവിയിൽ നിന്ന് സി.യൂസഫ് ഹാജി പടിയിറങ്ങുന്നു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: സി. യൂസഫ് ഹാജി കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ (കെ.എം.എ.) അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു.1999—2001 കാലയളവിലാണ് യൂസഫ് ഹാജി കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിേയഷൻ പ്രസിഡണ്ടായി ആദ്യമായി സ്ഥാനമേറ്റത്. തുടർന്നിങ്ങോട്ട് ചെറിയ ഇടവേളയിലൊഴികെ പ്രസിഡണ്ട് സ്ഥാനം വഹിച്ചത് യൂസഫ് ഹാജിയായിരുന്നു. ഇരുപത് വർഷത്തിലേറെയായി കെ.എം.എ.യുടെ പ്രസിഡണ്ടായി പ്രവർത്തിച്ചുവരുന്ന സി. യൂസഫ് ഹാജി ഈ മാസം 30ന് നടക്കുന്ന കെ.എം.എ. വാർഷിക പൊതുയോഗത്തിൽ സ്ഥാനമൊഴിയും.

കാഞ്ഞങ്ങാട് കാണിയൂർപാതയുൾപ്പെടെ നാടിന്റെ വികസനത്തിനുതകുന്ന നിരവധി പദ്ധതികളിൽ കച്ചവടക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ യൂസഫ് ഹാജിയുടെ നേതൃത്വം ഫലപ്രദമായി പ്രവർത്തിച്ചു. കാഞ്ഞങ്ങാട് മുസ്ലിം യത്തിംഖാന, സി.എച്ച്. സൊസൈറ്റി, ക്രസന്റ് സ്കൂൾ, ഇക്ബാൽ ഹയർ സെക്കണ്ടറി തുടങ്ങിയ സ്ഥാപനങ്ങളുടെ ഭരണസമിതിയംഗമായ യൂസഫ് ഹാജി മികച്ച സംഘാടകനും പൊതുരംഗത്തെ സജീവസാന്നിധ്യവുമാണ്. ടി.കെ.കെ. ഫൗണ്ടേഷൻ പുരസ്ക്കാര ജേതാവുകൂടിയാണ്. യൂസഫ് ഹാജിയുടെ പിൻഗാമിയായി മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് എം. വിനോദിനെയാണ് കെ.എം.എ. ഉയർത്തിക്കാട്ടുന്നത്.

 കെ.എം.എ. എക്സിക്യൂട്ടീവ് യോഗത്തിലും എം. വിനോദിനെ യൂസഫ് ഹാജി പിൻഗാമിയായി നിർദ്ദേശിച്ചു.കാൽ നൂറ്റാണ്ടുകാലമായി കെ.എം.എ.യുടെ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന വിനോദ് മികച്ച റൊട്ടേറിയനും റെഡ്ക്രോസ് ജില്ലാ ഭാരവാഹിയും, റോട്ടറി സ്പെഷ്യൽ സ്കൂൾ മാനേജിങ്ങ് കമ്മിറ്റിയംഗവുമാണ്.

Read Previous

കാമുകന്റെ വീടിന് തീവെച്ച യുവതി റിമാന്റിൽ

Read Next

മിഠായിക്കള്ളൻ റിമാന്റിൽ