ചരക്ക് ട്രെയിൻ നിർത്തിയിട്ട സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ കലക്ടർ

കാസർകോട് : കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ ഗുഡ്സ് ട്രയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റ് നടപടിക്കെതിരെ കാസർകോട് ജില്ലാ കളക്ടർ. ഇറങ്ങി പോയതിനാൽ യാത്രക്കാർക്കു വളരെയേറെ ബുദ്ധിമുട്ടുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർക്ക് കത്തയച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് കാഞ്ഞങ്ങാട്‌ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്.

ജോലിസമയം കഴിഞ്ഞതിനാൽ ലോക്കോ പൈലറ്റ് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് ട്രെയിനിൽ നിന്ന് ഇറങ്ങിയത്. ഇതോടെ മറ്റു ട്രെയിനുകളുടെ വരവ് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് മാറ്റേണ്ടിവന്നു. എട്ടുമണിക്കൂറോളം യാത്രക്കാരെ വലച്ചു. അടുത്ത ഷിഫ്റ്റിലെ ലോക്കോ പൈലറ്റെത്തി ഞായറാഴ്ച രാവിലെ 10- മണിയോടെ ഒന്നാം ട്രാക്കിൽ നിന്ന് നീക്കം ചെയ്തു.

നീലേശ്വരം ഗോഡൗണിലേക്കുള്ള വാഗണണുകൾ മറ്റൊരു എൻജിൻ ഘടിപ്പിച്ച് കൊണ്ടുപോയി. ബാക്കി വാഗണുകൾ എടക്കാട്ടേക്കും കൊണ്ടുപോയി. അതേസമയം ചരക്കുവണ്ടി ഒന്നാം നമ്പർ പ്ളാറ്റ്ഫോമിലെ ട്രാക്കിൽ നിർത്തിയിട്ടതിൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച് റെയിൽവേ നൽകുന്ന വിശദീകരണം.

യാത്രാവണ്ടികൾ മൂന്നാം പ്ളാറ്റ്‌ഫോമിലാണ് നിന്നതെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചുവെന്നും ലോക്കോ പൈലറ്റ് ട്രെയിൻ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന പ്രചാരണം ശരിയല്ലെന്നും അധികൃതർ പറഞ്ഞു. ചില ക്രമീകരണത്തിന്റെ ഭാഗമായാണ് ചരക്കുവണ്ടി ഒന്നാം നമ്പർ ട്രാക്കിലേക്കു കടത്തിവിട്ടതെന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിൽനിന്നുള്ള വിശദീകരണത്തിൽ പറയുന്നു.

LatestDaily

Read Previous

കള്ളനോട്ട് കേസിൽ കാസർകോട്ടെ ദമ്പതികൾ കസ്റ്റഡിയിൽ

Read Next

ഞാണിക്കടവ് പ്രതി വിളിക്കും-! വിളിക്കാതിരിക്കില്ല-!!