അവയവക്കടത്ത്; ഇറാനിലേക്കെത്തിച്ചവരിൽ കാസർകോട് സ്വദേശികളും

കൊച്ചി: അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തതോടെ അവയവക്കടത്തിൽ കൂടുതൽ‌ വിവരങ്ങൾ‌ പുറത്ത്. പ്രതി സബിത്ത് നാസർ മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചതായാണ് വിവരം. കാസർ​കോട് ജില്ലയിൽ നിന്നാണ് കൊച്ചിക്ക് പുറമേ കൂടുതൽ മലയാളികളെ അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടമാണ് സംഘം നടത്തിവന്നിരുന്നത്.

ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി നൽകി. ഒരാളെ എത്തിക്കുമ്പോൾ പ്രതിക്ക് ലഭിച്ചത് 60 ലക്ഷം രൂപയാണ്. അവയവം നൽകിയ ആൾക്ക് 10 ലക്ഷം രൂപയും നൽകിയിരുന്നു.

വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് പ്രതി ആളുകളെ ഇറാനിലെത്തിച്ചത്. കേരളത്തിൽ വ്യാജ ആധാർ കാർഡുമായി എത്തിയിരുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചിരുന്നു. അവയക്കടത്തിനായി കൊണ്ടു പോയവരിൽ ചിലർ ഇറാനിൽ  മരണപ്പെട്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

കേന്ദ്ര ഏജൻസികൾ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് കൊച്ചി നെടുമ്പാശേരിയിൽ സബിത്തിനെ അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ നിന്ന് അവയവക്കടത്തിനായി സംഘം ഇറാനിലേക്ക് കൊണ്ടുപോയതായുള്ള വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സബിത്തിനെ തിങ്കളാഴ്ച കോടതിയിൽ‌ ഹാജരാക്കും.

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. കൊച്ചി സ്വദേശിയായ യുവാവിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബിത്തിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിനിയെയും ചോദ്യം ചെയ്യും

LatestDaily

Read Previous

തട്ടിക്കൊണ്ടുപോയി പീഡനം- പ്രതി കുടക് സ്വദേശി

Read Next

തട്ടിക്കൊണ്ടുപോയി പീഡനം; പ്രതിയിലേക്കെത്തിയത് മണിക്കൂറുകൾ നീണ്ട നിരീക്ഷണ ക്യാമറാ പരിശോധനയിലൂടെ