തട്ടിക്കൊണ്ടുപോയി പീഡനം; പ്രതിയിലേക്കെത്തിയത് മണിക്കൂറുകൾ നീണ്ട നിരീക്ഷണ ക്യാമറാ പരിശോധനയിലൂടെ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ ശേഷം കാതിലെ സ്വർണ്ണാഭരണങ്ങൾ പിടിച്ചുപറിച്ച് വയലിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയെ ഹൊസ്ദുർഗ് പോലീസ് കണ്ടെത്തിയത് അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെ. മെയ് 15ന് പുലർച്ചെ 3 മണിക്കാണ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 10 വയസ്സുകാരിയെ കർണ്ണാടക സ്വദേശിയായ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ജില്ലയെ നടുക്കിയ സംഭവത്തിന്റെ ആദ്യ മണിക്കൂറുകളിൽ പ്രതിയെ തിരിച്ചറിയാനുള്ള യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

കണ്ണൂർ ഡിഐജി തോംസൺ ജോസ് നേരിട്ടെത്തി അന്വേഷണത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ കേസ്സിൽ ഹൊസ്ദുർഗ് ഡിവൈഎസ്പി, വി.വി. ലതീഷിന് പുറമെ ജില്ലയിൽ നിന്നും തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റിയ ഡിവൈഎസ്പിമാരായ പി. ബാലകൃഷ്ണൻ നായർ, സി.കെ. സുനിൽകുമാർ എന്നിവരെയും തിരിച്ചുവിളിച്ച് അന്വേഷണ സംഘത്തിലുൾപ്പെടുത്തി. ജില്ലാ പോലീസ് മേധാവി പി. ബിജോയ് അന്വേഷണത്തിന് നേതൃത്വവും നൽകി.

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദടക്കമുള്ള നിരവധി പോലീസുദ്യോഗസ്ഥർ ദിവസങ്ങളായി കാഞ്ഞങ്ങാട്ടെയും പരിസര പ്രദേശങ്ങളെയും നിരീക്ഷണ ക്യാമറകളിൽ നിന്നും ശേഖരിച്ച ദൃശ്യങ്ങളുടെ മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലാണ് പ്രതിയെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. പീഡനത്തിനിരയായ പെൺകുട്ടി നൽകിയ വിവരണങ്ങളും പ്രതിയിലേക്കെത്താൻ സഹായിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ 167 നിരീക്ഷണ ക്യാമറകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ഇവയിൽ നിന്നും ലഭിച്ച മണിക്കൂറുകൾ നീണ്ട ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയാണ് അന്വേഷണം കർണ്ണാടക സ്വദേശിയിലേക്കെത്തിച്ചത്.

തട്ടിക്കൊണ്ടുപോകൽ സംഭവത്തിന് 2 ദിവസം മുമ്പ് പ്രദേശത്ത് നടന്ന മാല പറിക്കൽ സംഭവത്തിന് പിന്നിലും കർണ്ണാടക സ്വദേശിയായ ഇതേ പ്രതി തന്നെയാണെന്ന് സൂചനയുണ്ട്. കർണ്ണാടക കുടക് ജില്ലക്കാരനായ പ്രതിക്ക് വേണ്ടി അന്വേഷണ സംഘം കർണ്ണാടകയിലടക്കം പരിശോധന തുടരുകയാണ്. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. മുപ്പത്തിയാറുകാരനായ കർണ്ണാടക സ്വദേശി പടന്നക്കാടിന്റെ തീരദേശത്ത് നിന്നാണ് വിവാഹം കഴിച്ചത്.

Read Previous

അവയവക്കടത്ത്; ഇറാനിലേക്കെത്തിച്ചവരിൽ കാസർകോട് സ്വദേശികളും

Read Next

വിവാഹമുറപ്പിച്ച യുവതി തൂങ്ങിമരിച്ചു