ഉടമകള്‍ അറിയാതെ സിപിഎം നേതാവ് കുറി വിളിച്ചെടുത്ത സംഭവം വിവാദമാകുന്നു

പയ്യന്നൂർ: സിപിഎം ലോക്കല്‍ കമ്മിറ്റി കെട്ടിട നിര്‍മ്മാണ ധനസമാഹരണത്തിനായി നടത്തുന്ന കുറിയില്‍നിന്നും ഉടമകളറിയാതെ മൂന്നുപേരുടെ കുറി ലോക്കല്‍ കമ്മിറ്റിയംഗം വിളിച്ചെടുത്ത സംഭവം വിവാദമായി. വിവരം പുറത്തായതോടെ ലോക്കല്‍ കമ്മിറ്റിയംഗവും ബാങ്ക് ജീവനക്കാരനുമായ ഇയാളെ ജോലിയില്‍നിന്നും പുറത്താക്കി. കോറോം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണത്തിനായി 60 പേരെ ചേര്‍ത്ത് നടത്തിവന്ന കുറി പകുതിയാകുന്നതിന് മുമ്പാണ് ഒന്‍പതുലക്ഷം രൂപ വീതം സല വരുന്ന മൂന്നാളുകളുടെ പേരിലുള്ള കുറികള്‍ ഉടമകള്‍ അറിയാതെ ലോക്കല്‍ കമ്മിറ്റി അംഗം വിളിച്ചെടുത്തത്. ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ കുറിയും ഇയാള്‍ നേരത്തെതന്നെ വിളിച്ചെടുത്തിരുന്നു. എങ്ങിനേയോ വിവരമറിഞ്ഞതോടെ കുറി ഉടമകള്‍ ലോക്കല്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടു.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ബാങ്ക് ജീവനക്കാരനായ ലോക്കല്‍ കമ്മിറ്റി അംഗം കൈ മലര്‍ത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഇനി കുറിക്കായി പണമടക്കില്ലെന്നും അടച്ച പണം തിരിച്ചു നല്‍കണമെന്നും കുറിയുടമകള്‍ പറഞ്ഞതോടെ വെട്ടിലായത് ലോക്കല്‍ കമ്മിറ്റിയാണ്. എല്‍സി അംഗം തിരിമറി നടത്തിയ 27 ലക്ഷത്തോളം രൂപ ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. പ്രശ്‌നം ബോധ്യപ്പെട്ടതോടെയാണ് ഇയാളെ ബാങ്ക് ജോലിയില്‍ നിന്നുമൊഴിവാക്കിയത്.അതേസമയം കുറിയുടമകളായവര്‍ക്ക് തന്നെയാണ് കുറി കെട്ടിക്കൊടുക്കുന്നതെന്ന്  ഉറപ്പുവരുത്താതിരുന്ന ലോക്കല്‍ കമ്മിറ്റിയും പ്രതിക്കൂട്ടിലായിട്ടുണ്ട്.

Read Previous

ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് നഷ്ടം 9.58 ലക്ഷം

Read Next

ഞാണിക്കടവ് പീഡനം: കസ്റ്റഡിയിലുള്ളത് വാറന്റ് പ്രതി