ഫോട്ടോഷൂട്ട് വിവാദത്തിന് പിന്നാലെ കോൺഗ്രസ്സിൽ കൂടോത്രവും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലാ കോൺഗ്രസ് ഘടകത്തെ പിടിച്ചുലച്ച ഫോട്ടോഷൂട്ട് വിവാദത്തിൽ കെപിസിസി നേതൃത്വത്തിന്റെ പരസ്യ പ്രസ്താവനാ വിലക്കിനെ വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ വാർത്താസമ്മേളനം വിളിച്ചതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ കൂടോത്രപ്പണി ചെയ്തതിന് തെളിവുണ്ടെന്നവകാശപ്പെട്ടാണ് ഉണ്ണിത്താൻ ഇന്നലെ വാർത്താ സമ്മേളനം വിളിച്ചത്. വോട്ട്പെട്ടി പൊട്ടിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉണ്ണിത്താൻ ഉന്നയിച്ച  കൂടോത്ര ആരോപണം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലുള്ള സാഹചര്യം നേരിടാനുള്ള മുൻകൂർ ജാമ്യമാണെന്നും വിലയിരുത്തപ്പെടുന്നു.

പടന്നക്കാട്ടെ രാജ്മോഹൻ ഉണ്ണിത്താന്റെ വീട്ടിൽ കൂടോത്രം വെച്ചതിന്റെ തെളിവുകൾ അദ്ദേഹത്തിന്റെ പക്കലുണ്ടെന്നാണ് എംപിയുടെ അവകാശവാദം. കെപിസിസി സിക്രട്ടറി പെരിയ ബാലകൃഷ്ണനും എംപിയും തമ്മിൽ ഫേസ്ബുക്കിലുണ്ടായ  നേർക്കുനേർ യുദ്ധത്തിൽ പെരിയ ബാലകൃഷ്ണൻ കെപിസിസി നിർദ്ദേശ പ്രകാരം വെടി നിർത്തിയെങ്കിലും, ഉണ്ണിത്താൻ യുദ്ധം നിർത്താൻ തയ്യാറായിട്ടില്ല. ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസ് അണികളെ തമ്മിൽത്തല്ലിക്കുന്ന വരത്തനാണെന്നാണ് പെരിയ ബാലകൃഷ്ണൻ ഫേസ്ബുക്കിലൂടെ ആക്ഷേപിച്ചത്.

ഉണ്ണിത്താന് വേണ്ടി കോൺഗ്രസ്സിൽ നിന്നും പുറത്തു പോകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച ബാലകൃഷ്ണൻ വാർത്താ സമ്മേളനം വിളിക്കാൻ തയ്യാറെടുത്തിരുന്നുവെങ്കിലും, ഏഐസിസി ജനറൽ സിക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം തീരുമാനത്തിൽ നിന്നും പിൻമാറി. കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിൽ പ്രതിപ്പട്ടികയിലുള്ള സിപിഎം നേതാവിന്റെ മകന്റെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനെച്ചൊല്ലിയുണ്ടായ വിവാദമാണ് ജില്ലയിൽ കോൺഗ്രസ്സിനെ പിടിച്ചുലയ്ക്കുന്ന വിഷയമായത്.

പെരിയ ബാലകൃഷ്ണനെ ലക്ഷ്യമിട്ട് എംപി നടത്തിയ പരാമർശത്തിന് അതേ നാണയത്തിൽ മറുപടി പറഞ്ഞ ബാലകൃഷ്ണൻ കല്ല്യോട്ട് കൊലക്കേസ്സിൽ പ്രതിപ്പട്ടികയിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠനൊപ്പം എം.പി. ഒരു സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോ പുറത്തുവിട്ടിരുന്നു. ജില്ലയിലേക്ക് തട്ടകം മാറ്റിയ രാജ്മോഹൻ ഉണ്ണിത്താൻ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് ഉണ്ണിത്താൻ കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. കെപിസിസി നേതൃത്വത്തെ ധിക്കരിച്ച് ഉണ്ണിത്താൻ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ ജില്ലാ കോൺഗ്രസ്സിലെ  ഉണ്ണിത്താൻ വിരുദ്ധ പക്ഷം അസംതൃപ്തരാണ്. നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച്  കെപിസിസി സിക്രട്ടറി പെരിയ ബാലകൃഷ്ണൻ  പരസ്യ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുമ്പോൾ, വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ ഉണ്ണിത്താൻ അച്ചടക്കം ലംഘിച്ചുവെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം.

LatestDaily

Read Previous

ഡോക്ടറെ മർദ്ദിച്ച എഎസ് ഐക്ക് തടവും പിഴയും

Read Next

പോളിടെക്നിക്ക് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു