കാറഡുക്ക സ്വർണ്ണപ്പണയത്തട്ടിപ്പ് കേസിൽ 3 പേർ പിടിയിൽ അറസ്റ്റിലായവരിൽ മുസ്ലിംലീഗ് പഞ്ചായത്തംഗവും

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിന്ന് അഞ്ച് കോടിയോളം രൂപ തട്ടിയ സംഭവത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് സംഘമെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ രതീഷിന്റെ കൂട്ടാളിയായ മുസ്ലിം ലീഗ് നേതാവും  ഉള്‍പ്പെടെ മൂന്നു പേരെയാണ് അന്വേഷണസംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ബാങ്ക് സെക്രട്ടറി രതീഷുമായി ഇവര്‍ നിരന്തരം പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരില്‍ ഒളിവില്‍ തങ്ങുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും വ്യാഴാഴ്ച വൈകീട്ടോടെ ആദൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ്. 

പള്ളിക്കര പഞ്ചായത്തംഗവും ലീഗ് മണ്ഡലം കൗൺസിൽ അംഗവുമായ ബേക്കൽ മൗവ്വലിലെ അഹ് മദ് ബശീര്‍, കാഞ്ഞങ്ങാട്ടെ നെല്ലിക്കാട്ടെ അനില്‍ കുമാര്‍, അമ്പലത്തറപറക്കളായി ഏഴാംമൈലിലെ അബ്ദുല്‍ ഗഫൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ മുന്‍ ബിജെപി കൗണ്‍സിലര്‍ അജയന്‍ നെല്ലിക്കാടിന്റെ ബന്ധുവാണ് അറസ്റ്റിലായ അനില്‍ കുമാര്‍. നിരവധി അടിപിടി കേസിലും ഇയാൾ പ്രതിയാണ്.

ബാങ്കില്‍ നിന്ന് സെക്രട്ടറി രതീശന്‍ എടുത്തുകൊണ്ടുപോയ സ്വര്‍ണം പണയപ്പെടുത്തിയത് ഇവരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രതീശനില്‍ നിന്ന് ഘട്ടം ഘട്ടമായി തുക കൈപ്പറ്റിയിട്ടുമുണ്ട്. ഫെബ്രുവരി 12ന് 20 ലക്ഷം രൂപയും മാർച്ച് 11ന് 22ലക്ഷം രൂപയും രതീശന്‍ കേരള ബാങ്ക് മുള്ളേരിയ ശാഖയില്‍ നിന്ന് അയച്ചു. ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍ ഏജന്‍സിയുടെ അക്കൗണ്ടിലാണ് പണം എത്തിയത്.

ബാങ്കില്‍ നിന്ന് എടുത്തു കൊണ്ട് പോയ സ്വർണ്ണം ഇതേ സംഘം വാങ്ങുകയും പെരിയ ബാങ്ക്, കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖാ എന്നിവിടങ്ങളില്‍ പണയം വെയ്ക്കുകയും അതില്‍ നിന്ന് ലഭിച്ച തുകയും കൈപ്പറ്റി. അതെ സമയം മുഖ്യപ്രതി കെ രതീശന്‍ ഇപ്പോഴും കര്‍ണാടകയില്‍ ഒളിവിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബംഗളുരു, ഹാസന്‍, ഷിമോഗ എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ട്.

LatestDaily

Read Previous

യുവ വ്യവസായിയുടെ പണമടങ്ങിയ ബാഗ് പട്ടാപ്പകൽ കവർച്ച ചെയ്തു

Read Next

ഓൺലൈൻ തട്ടിപ്പ്; തൃക്കരിപ്പൂർ യുവതി ആലപ്പുഴ ജയിലിൽ