ഞാണിക്കടവ് പീഡനം: കസ്റ്റഡിയിലുള്ളത് വാറന്റ് പ്രതി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഞാണിക്കടവിന്  സമീപത്ത് നിന്നും ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ ശേഷം സ്വർണ്ണക്കമ്മൽ തട്ടിയെടുത്ത് വയലിൽ ഉപേക്ഷിച്ച പ്രതിയെ പോലീസ് പിടികൂടിയെന്ന വാർത്താ പോലീസ് നിഷേധിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെത്തേടിയുള്ള വ്യാപകമായ തെരച്ചിലിനിടെ കോടതി വാറന്റ് പുറപ്പെടുവിച്ച കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം  പോലീസ് പിടികൂടിയിരുന്നു. 2013 ൽ റജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന പടന്നക്കാടിന് സമീപത്തെ ആഷിഖിനെയാണ് 29, പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി ലതീഷ് , ഡി.വൈ.എസ്. പി മാരായ പി. ബാലകൃഷ്ണൻ നായർ, സി.കെ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നാല് സംഘങ്ങളാണ് ഞാണിക്കടവ് സംഭവത്തിലെ പ്രതിക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്. സംഭവസഥലത്തിന് സമീപം നിരീക്ഷണ ക്യാമറകളില്ലാത്തത് അന്വേഷണം സങ്കീർണ്ണമാക്കിയിട്ടുണ്ട്.

രാത്രി കാലങ്ങളിൽ കറങ്ങി നടക്കുന്നവരെ കണ്ടെത്തി പ്രതിയെ കണ്ടെത്താനുള്ള  ശ്രമത്തിലാണ് പോലീസ്. അതിനായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ  വിവിധ പ്രദേശങ്ങളിലുള്ള നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ ശേഖരിക്കും. ബാലികയെ തട്ടിക്കൊണ്ടുപോയ പ്രതി പോലീസ് കസ്റ്റഡിയിലുണ്ടെന്ന്  ചില ഓൺലൈൻ വാർത്താ  ചാനലുകളാണ് പുറത്തുവിട്ടത്. പ്രതി പിടിയിലായെന്ന വാർത്തകൾ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, വി.വി. ലതീഷ് നിഷേധിച്ചു.

പീഡനക്കേസ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി. വെളിപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3 മണിക്കും, 4 മണിക്കും മദ്ധ്യേയാണ് ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്ത് വയസുകാരിയെ അജ്ഞാതൻ ഉറങ്ങിക്കിടക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും സ്വർണ്ണാഭരണം കവർന്ന് വയലിൽ ഉപേക്ഷിക്കുകയും ചെയ്തത്.

മലയാളം സംസാരിക്കുന്നയാളാണ് തന്നെതട്ടിക്കൊണ്ടുപോയെതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതി നീളമുള്ളയാളാണെന്നും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിലുണ്ട്. പ്രതിയെക്കുറിച്ച് ഇതുമാത്രമാണ് പോലീസിന് ലഭിച്ച സൂചന.

LatestDaily

Read Previous

ഉടമകള്‍ അറിയാതെ സിപിഎം നേതാവ് കുറി വിളിച്ചെടുത്ത സംഭവം വിവാദമാകുന്നു

Read Next

യുവ വ്യവസായിയുടെ പണമടങ്ങിയ ബാഗ് പട്ടാപ്പകൽ കവർച്ച ചെയ്തു