യുവ വ്യവസായിയുടെ പണമടങ്ങിയ ബാഗ് പട്ടാപ്പകൽ കവർച്ച ചെയ്തു

സ്വന്തം ലേഖകൻ

അജാനൂർ: കാറിൽ കയറുന്നതിനിടെ വീട്ടുവരാന്തയിലെ കസേരയിൽ വെച്ച് എടുക്കാൻ മറന്ന മൂന്നുലക്ഷം രൂപയും പ്രധാന രേഖകളുമടങ്ങിയ ബാഗ് മണിക്കൂറുകൾക്കുള്ളിൽ മോഷണം പോയി. അജാനൂർ ചിത്താരി വി.പി. റോഡിലെ റിയൽ എസ്റ്റേറ്റ്  വ്യാപാരി കെ.സി. മജീദിന്റെ പണമടങ്ങിയ ബാഗാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ വാണിയംപാറയിലുള്ള വീട്ടുവരാന്തയിൽ  അപ്രത്യക്ഷമായത്.

വരാന്തയിലെ കസേരയിൽ ബാഗ് വെച്ച് കാറിൽ കയറി ഓടിച്ചു പോയ മജീദിന് കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് ബാഗ് മറന്നുവെച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തിരിച്ചുവന്ന് നോക്കിയപ്പോൾ ബാഗ് കാണാനില്ലായിരുന്നു. മംഗളൂരുവിലും കൊച്ചിയിലും വാഹന ബിസിനസ്സ് ശൃംഖലയുള്ള മജീദിന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട പണമിടപാടുകാരുടെ രേഖകൾ, ചെക്ക് ലീഫുകൾ , വിവിധ ബേങ്കുകളുടെ പാസ്സ്ബുക്കുകൾ, എടിഎം കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസ്, ഉടമ്പടി പത്രങ്ങൾ, ഭാര്യയുടെ പേരിലുള്ള ബാങ്ക് രേഖകൾ തുടങ്ങി വിലപ്പെട്ട രേഖകൾ ബാഗിലുണ്ടായിരുന്നു.

പണം തിരികെ ലഭിച്ചില്ലെങ്കിലും ബാഗിനകത്തുള്ള നിരവധി പ്രധാനപ്പെട്ട രേഖകൾ തിരിച്ചുകിട്ടിയാൽ മതിയെന്ന് ബാഗ് നഷ്ടപ്പെട്ട കെ.സി.മജീദ് പറഞ്ഞു.  ഇതു സംബന്ധിച്ച് മജീദ് ഹൊസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

ഞാണിക്കടവ് പീഡനം: കസ്റ്റഡിയിലുള്ളത് വാറന്റ് പ്രതി

Read Next

കാറഡുക്ക സ്വർണ്ണപ്പണയത്തട്ടിപ്പ് കേസിൽ 3 പേർ പിടിയിൽ അറസ്റ്റിലായവരിൽ മുസ്ലിംലീഗ് പഞ്ചായത്തംഗവും