കള്ളനോട്ട്: പടന്ന സ്വദേശികളെ പോലീസ് ചോദ്യം ചെയ്തു

സ്വന്തം ലേഖകൻ

പടന്ന: ചീമേനി തുറന്ന ജയിലിലെ പെട്രോൾ പമ്പിൽ കള്ളനോട്ട് നൽകി വാഹനത്തിൽ ഇന്ധനം നിറച്ച സംഭവത്തിൽ അറസ്റ്റിലായ പടന്നയിലെ ഡ്രൈവിങ്ങ് പരിശീലകയിൽ നിന്ന് ലഭിച്ച സൂചനയനുസരിച്ച് പടന്ന സ്വദേശികളായ രണ്ടു പേരെ കണ്ണൂർ പോലീസ്  കസ്റ്റഡിയിലെടുത്തു.

ചെറുപുഴ പാടിയോട്ടുചാൽ സ്വദേശിനിയും പടന്നയിലെ ഡ്രൈവിങ്ങ് സ്ക്കൂളിൽ പരിശീലകയുമായ പി.പി. ശോഭയാണ് ചീമേനി തുറന്ന ജയിലിലെ പെട്രോൾ പമ്പിൽ കള്ളനോട്ട് നൽകി പിടിയിലായത്. ചെറുവത്തൂരിലെ മോട്ടോർ മെക്കാനിക്ക് പയ്യന്നൂർ കണ്ടോത്തെ ഷിജു കണ്ണൂരിലെ ബാറിൽ നൽകിയ കള്ളനോട്ടുകളും പി.പി. ശോഭ നൽകിയതായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂരിലെ ബാറിൽ മദ്യപിച്ച ശേഷം 500 രൂപയുടെ അഞ്ച് കള്ളനോട്ടുകൾ നൽകിയ ഷിജുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കള്ളനോട്ട് നൽകിയത് ശോഭയാണെന്ന് വ്യക്തമായത്. കള്ളനോട്ടിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യം ചെയ്യലിൽ ശോഭ എടച്ചാക്കൈ അഴീക്കലെ ടി.കെ.സി. ഫൈസൽ 38, പടന്ന പഞ്ചായത്ത് ഓഫീസിന് സമീപത്തെ പള്ളിക്കണ്ടത്തിൽ ഹാരിസ് 55 എന്നിവരുടെ പേരുകൾ വെളിപ്പെടുത്തിയതോടെയാണ് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ സുഭാഷ് ബാബു കസ്റ്റഡിയിലെടുത്തത്.

ഡ്രൈവിങ്ങ് പരിശീലകയുടെ വീട്ടിൽ നിന്നും പോലീസ് കള്ളനോട്ടുകൾ കണ്ടെത്തിയതോടെ ഇവർ കള്ളനോട്ട് റാക്കറ്റിലെ കണ്ണിയാണെന്ന് സംശയമുയർന്നിരുന്നു. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് കണ്ണൂർ പോലീസ്. റാക്കറ്റിൽ കൂടുതൽ ആൾക്കാരുണ്ടെന്നും സംശയമുണ്ട്.

LatestDaily

Read Previous

ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ ചുമന്നുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു

Read Next

പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, സ്വർണ്ണക്കമ്മൽ അക്രമി അഴിച്ചെടുത്തു