മാനഭംഗക്കേസ്സിൽ കേന്ദ്ര സർവ്വകലാശാല അധ്യാപകൻ ഇഫ്തികർ റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷൻ നേരിട്ട കേന്ദ്ര സർവ്വകലാശാല അധ്യാപകൻ പറശ്ശിനിക്കടവിലെ വാട്ടർതീം പാർക്കിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ റിമാന്റിലായതോടെ കേന്ദ്ര സർവ്വകലാശാലാ വിദ്യാർത്ഥിനികളുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് ഉറപ്പായി.

പെരിയ കേരള കേന്ദ്ര സർവ്വകലാശാല ഇംഗ്ലീഷ് സാഹിത്യം താരതമ്യ വിഭാഗത്തിൽ അധ്യാപകനായ പഴയങ്ങാടി എരിപുരം സ്വദേശി ഡോ. ഇഫ്തികാർ അഹമ്മദാണ്  51, കഴിഞ്ഞ ദിവസം പറശ്ശിനിക്കടവ് വാട്ടർതീം പാർക്കിലെ വേവ്പൂളിൽ കുളിക്കുകയായിരുന്ന 22കാരിയെ കടന്നുപിടിച്ചത്.

യുവതി ബഹളമുണ്ടാക്കിയതോടെ പാർക്ക് അധികൃതർ പോലീസ്സിൽ പരാതിപ്പെട്ടു.   മലപ്പുറം സ്വദേശിനിയായ യുവതിയും പരാതിയിൽ ഉറച്ചു നിന്നതോടെ തളിപ്പറമ്പ് പോലീസ് അധ്യാപകനെതിരെ മാനഭംഗ ശ്രമത്തിന് കേസ്സെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി ഇദ്ദേഹത്തെ ജയിലിലേക്കയച്ചു. 2016—ൽ പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഇഫ്തികാർ അഹമ്മദിനെതിരെ നിരവധി ലൈംഗിക ആരോപണങ്ങളുയർന്നിരുന്നു.

ക്ലാസ്സിൽ വിദ്യാർത്ഥിനികളോട് ദ്വയാർത്ഥത്തിൽ ലൈംഗികച്ചുവയോടെ സംസാരിക്കുന്നുവെന്നായിരുന്നു പരാതി. പരീക്ഷയ്ക്കിടെ ക്ലാസ്സിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ ശുശ്രൂഷിക്കുന്നുവെന്ന വ്യാജേന മാറിടത്തിൽ സ്പർശിച്ചുവെന്ന പരാതിയിലാണ് ഇഫ്തികാറിനെ കോളേജിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

അച്ചടക്ക നടപടിക്ക് വിധേയനായ ഇദ്ദേഹത്തെ കേന്ദ്ര സർവ്വകലാശാലയിൽ മറ്റൊരു വകുപ്പിൽ പുനഃസ്ഥാപിച്ചത് വിദ്യാർത്ഥിനികളിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  ഇപ്പോൾ പറശ്ശിനിക്കടവിലെ മാനഭംഗശ്രമവും ജയിൽവാസവും.

വിദ്യാർത്ഥിനികൾ തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെ ന്നാരോപിച്ച്  ഇഫ്തികാർ രംഗത്ത് വന്നിരുന്നുവെങ്കിലും, കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർത്ഥിനികളുടെ പരാതി ശരിവെക്കുന്ന വിധത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിലെ വാട്ടർതീം പാർക്കിൽ നടന്നത്.

LatestDaily

Read Previous

കൊടും ചൂടിൽ തണൽ വിരിച്ച് നന്മമരം

Read Next

പണയത്തട്ടിപ്പ് പ്രതിയായ സൊസൈറ്റി സിക്രട്ടറി ബംഗളൂരുവിൽ