കിണറിലെ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിയാൻ ഡിഎൻഏ പരിശോധന

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരിയിൽ ചിറ്റാരിക്കാലിന് സമീപം  കിണറിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഏ പരിശോധന നടത്തും. ചിറ്റാരിക്കാൽ — ചെറുപുഴ റോഡിൽ ഇരുപത്തഞ്ചിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കാരയിലെ ബേബി എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കൊച്ചുപറമ്പിൽ തോമസ് എന്നയാളാണ് താമസിക്കുന്നത്. വീടിനോട് ചേർന്ന കിണറിൽ വെള്ളം കുറഞ്ഞതിനാൽ പറമ്പിലെ ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

അസ്ഥികൂടത്തിലുണ്ടായിരുന്ന ഷർട്ടിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിനെത്തുടർന്ന് ലഭിച്ച മേൽവിലാസത്തിൽ ഒന്നരവർഷം മുമ്പ് കാണാതായ കടുമേനി പാവൽ ചിത്രാടിയിലെ കണ്ടനാമറ്റത്തിൽ അനീഷെന്ന കെ. ഏ. കുര്യാക്കോസിന്റെ 42, അസ്ഥികൂടമാണ് കിണറിനകത്തുണ്ടായിരുന്നത്. കിണറിനകത്ത് നിന്നും കണ്ടെത്തിയ വസ്തുക്കൾ അനീഷിന്റേതാണെന്ന് സഹോദരൻ സന്തോഷ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, സ്ഥിരീകരണത്തിനായി ഡിഎൻഏ പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനയ്ക്കായി അനീഷിന്റെ ബന്ധുക്കളുടെ ഡിഎൻഏ സാമ്പിളുകൾ ശേഖരിക്കും.

2022 നവമ്പറിലാണ് അനീഷെന്ന കുര്യനെ കാണാതായത്. 2023 ഏപ്രിൽ മാസത്തിൽ ചിറ്റാരിക്കാൽ പോലീസിൽ സഹോദരൻ സന്തോഷ് നൽകിയ പരാതിയിൽ കേസ്സെടുത്ത് അന്വേഷണമാരംഭിച്ചിരുന്നുവെങ്കിലും, അനീഷിനെ കണ്ടെത്താനായില്ല. മെയ് 10—നാണ് കിണർ വൃത്തിയാക്കുന്നതിനിടെ അനീഷിന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ സ്ഥലമുടമ തിരിച്ചെത്തിയ ശേഷമാണ് പോലീസ്സിൽ പരാതി നൽകിയത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ലതീഷ് ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റുമോർട്ടം പരിശോധന ഇന്ന് കണ്ണൂർ  ഗവ. മെഡിക്കൽ കോളേജിൽ നടന്നു. കാണാതായ അനീഷിന്റെ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളൂ.

Read Previous

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ കെപിസിസി അന്വേഷണം

Read Next

ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ ചുമന്നുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു