വൈശാഖിന്റെ ആത്മഹത്യാക്കേസ്സിൽ മൊബൈൽ ഫോൺ പരിശോധനയാരംഭിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: വെൽഡിംഗ് തൊഴിലാളിയുടെ ആത്മഹത്യയിൽ പോലീസ് സൈബർ വിഭാഗം മൊബൈൽ ഫോണുകളുടെ പരിശോധനയാരംഭിച്ചു. വെൽഡിംഗ് തൊഴിലാളിയായ ചന്തേരയിലെ വൈശാഖിനെ 28, ഏപ്രിൽ 14-ന് വിഷു ദിവസം രാവിലെയാണ് തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവെ ഗെയ്റ്റിന് തെക്ക് ഭാഗം കൂലേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. പിതാവിനെ അവസാനമായി ഫോണിൽ വിളിച്ച വൈശാഖ് തന്നെ ചതിച്ചത് ചങ്കാണെന്നാണ് പറഞ്ഞത്. വീട്ടിലേക്ക് തിരിച്ചുവരാനുള്ള പിതാവിന്റെ ഉപദേശം ചെവിക്കൊള്ളാതെ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആത്മസുഹൃത്ത് തന്റെ ഭാര്യയ്ക്കയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ നേരിൽക്കണ്ട വൈശാഖ് വിഷുദിവസം രാവിലെ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭാര്യയെ സ്വീകരിക്കാനാവശ്യപ്പെട്ടാണ് വീട്ടിൽ നിന്നുമിറങ്ങിയത്.

വൈശാഖിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് വൈശാഖിന്റെ പിതാവും സഹോദരനും വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈശാഖിന്റെ ആത്മഹത്യാക്കേസ്സിൽ പരേതന്റെയും ഭാര്യയുടെയും സുഹൃത്തിന്റെയും ഫോണുകൾ സൈബർ സെൽ പരിശോധിക്കാനാരംഭിച്ചത്.സൈബർസെൽ ഉദ്യോഗസ്ഥർ ചന്തേര പോലീസ് സ്റ്റേഷനിലെത്തിയാണ് മൊബൈൽ ഫോണുകൾ പരിശോധിച്ചത്.

വൈശാഖിന്റെ ഭാര്യ ശിൽപ കാലിക്കടവിലെ മെഡിക്കൽ ലാബിൽ ജീവനക്കാരിയാണ്. ലാബിലെ  ജീവനക്കാരായ യുവതീയുവാക്കൾ പരസ്പരം കെട്ടിപ്പിടിച്ച് ചുംബിക്കുന്നത് ഇവർ നേരിൽക്കണ്ടിരുന്നു. ഈ വിവരം പുറത്തറിഞ്ഞത് ശിൽപ വഴിയാണെന്ന തെറ്റിദ്ധാരണയിൽ ലാബ് ജീവനക്കാരിയുണ്ടാക്കിയ കെട്ടുകഥയിൽ വൈശാഖ് ബലിയാടാകുകയായിരുന്നുവെന്നും സൂചനയുണ്ട്. ലാബ് ജീവനക്കാരിയിൽ ചന്തേര പോലീസ് മൊഴിയെടുത്തിരുന്നു

LatestDaily

Read Previous

ഹൈറിച്ച് മണിചെയിൻ തട്ടിപ്പ്; 80 പേർക്കെതിരെ കേസ്

Read Next

പ്രണയവിവാഹത്തെച്ചൊല്ലി അക്രമം;വരന്റെ മാതാവിന് വെട്ടേറ്റു