എസ്.ഐ യുടെ ആത്മഹത്യയിൽ രാഷ്ട്രീയ വിവാദം മുറുകുന്നു

സ്വന്തം ലേഖകൻ

ബേഡകം: എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന എസ്.ഐ ചികിത്സയ്ക്കിടെ മരിച്ചതോടെ പോലീസുദ്യോഗസ്ഥന്റെ മരണത്തിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പനത്തടി മാനടുക്കം പാടിയിലെ കുട്ടിനായ്ക്കിന്റെ മകനും ബേഡകം എസ്.ഐയുമായിരുന്ന കെ.വിജയനെ 50, ഏപ്രിൽ 29 ന് പകൽ 11 മണിക്കും 12 മണിക്കുമിടയിലാണ് പോലീസ് ക്വാർട്ടേഴ്സിൽ എലി വിഷം കഴിച്ച് ഗുരുരാവസ്ഥയിൽ കണ്ടെത്തിയത്.

വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയ വിജയൻ മെയ് 4 ന് വൈകുന്നേരം 6.50 ന് മരണപ്പെട്ടു. ജോലി സമ്മർദ്ദം താങ്ങാനാകാതെയാണ് എസ്.ഐ ആത്മഹത്യ ചെയ്തതെന്ന് പുറത്തുവന്നതോടെ വിഷയം കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്.

ബേഡഡുക്ക പഞ്ചായത്ത്  പ്രസിഡണ്ട് എം.ധന്യയെ യൂത്ത് കോൺഗ്രസ് നേതാവ് സി.എം ഉനൈസ് അപമാനിച്ചുവെന്ന പരാതിയിൽ ആദൂർ പോലീസ് റജിസ്റ്റർ  ചെയ്ത കേസ് അന്വേഷിച്ചിരുന്നത് കെ. വിജയനാണ്.    ഉനൈസിനെതിരെയുള്ള പരാതിയിൽ സി.പി.എം നേതാക്കളുടെ സമ്മർദ്ദം താങ്ങാനാകാതെയാണ് എസ്.ഐ. ജീവനൊടുക്കിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി യടക്കം വിഷയം ഏറ്റെടുത്ത് ഫേസ്ബുക്കിൽ പ്രചാരണവുമാരംഭിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 26 ന് ബേഡഡുക്കയിലെ ബൂത്തിൽ നിന്നും മടങ്ങുകയായിരുന്ന ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യയെ യൂത്ത് കോൺഗ്രസ് നേതാവ്  സി.എം. യുനൈസ് തടഞ്ഞു നിർത്തി അധിക്ഷേപിച്ച സംഭവമാണ് എസ്.ഐ യുടെ ആത്മഹത്യയിലേക്ക് നയിച്ച കേസിന്റെ തുടക്കം.

ഏപ്രിൽ 27 ന് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിന്റെ  അന്വേഷണച്ചുമതല ബേഡകം എസ്.ഐ.കെ വിജയനായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത രണ്ട് ദിവസം കഴിയുമ്പോഴാണ് എസ്.ഐ. എലിവിഷം കഴിച്ചത്. ബേഡകം  സംഭവത്തിൽ  എം. പി യടക്കമുള്ളവർ രാഷ്ട്രീയ മുതലെടുപ്പ്  നടത്തുകയാണെന്നാണ് സിപിഎം ബേഡകം ഏരിയാ കമ്മിറ്റിയുടെ നിലപാട്. സി.പി. എമ്മിനെതിരെ  നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അപലപനീയമാണെന്ന് ജില്ലാ സെക്രട്ടറി എം.വി.  ബാലകൃഷ്ണൻ വ്യക്തമാക്കി.

 ആത്മഹത്യ ചെയ്ത എസ്. ഐ യുടെ മൃതദേഹം കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ  റൂമിലും, ബേഡകം പോലീസ് സ്റ്റേഷനിലും  പൊതുദർശനത്തിന് ശേഷം സംസ്ക്കരിച്ചു. കാഞ്ഞങ്ങാട്ട് നഗരസഭാധ്യക്ഷ എം.വി സുജാതയടക്കമുള്ളവരും,  ബേഡകത്ത്  സി.എച്ച് കുഞ്ഞമ്പു, എം.എൽ.ഏ ജില്ലാ പോലീസ്  മേധാവി എന്നിവരടക്കമുള്ളവരും അന്ത്യോപചാരമർപ്പിച്ചു.

Read Previous

പള്ളിക്കമ്മിറ്റി സിക്രട്ടറിക്കെതിരെ പോക്സോ

Read Next

ലാഭവിഹിതം വാഗ്ദാനം നല്‍കി 31,92,785 രൂപ തട്ടിയെടുത്ത നാല് പ്രതികള്‍ അറസ്റ്റില്‍