റെയിൽവെ വരുമാനം  കൂടുമ്പോഴും കാഞ്ഞങ്ങാടിന് അവഗണന തന്നെ

സംസ്ഥാനതലത്തിൽ കാഞ്ഞങ്ങാടിന് വരുമാനത്തിൽ 25-ാം സ്ഥാനം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: റെയിൽവെ വരുമാനം  കൂടിവരുമ്പോഴും കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് അർഹമായ പരിഗണനയും വികസന പങ്കാളിത്തവും ലഭിക്കുന്നില്ല. സംസ്ഥാനതലത്തിൽ റെയിൽവെ വരുമാനത്തിൽ 25-ാം സ്ഥാനമാണ് കാഞ്ഞങ്ങാടിനുള്ളത്. കാസർകോട് റെയിൽവെ സ്റ്റേഷന് 15-–ാം സ്ഥാനമുണ്ട്.

വന്ദേഭാരത് ഓടിത്തുടങ്ങിയതോടെയാണ് കാസർകോട് സ്റ്റേഷൻ തലശ്ശേരിയെ പിന്തള്ളി 15-–ാം സ്ഥാനത്തെത്തിയത്. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ കാസർകോട്ട് നിർത്തുന്ന പതിനഞ്ചോളം ട്രെയിനുകൾക്ക് സ്റ്റോപ്പില്ല. കഴിഞ്ഞ വർഷം വന്ദേഭാരത് എക്സ്പ്രസ് കാസർകോട്ട്  നിന്ന് ഓടിത്തുടങ്ങിയതോടെയാണ് കാസർകോടിന്റെ വരുമാനം തലശ്ശേരിയെ കടത്തിവെട്ടിയത്.

രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ കാസർകോട് നിന്നുള്ള യാത്രക്കാരിൽ നല്ലൊരു ശതമാനം കാഞ്ഞങ്ങാട്ട് നിന്നുള്ളവരാണ്. രാജധാനിയടക്കമുള്ള ട്രെയിനുകളിൽ കാസർകോട്ടെത്തി  വണ്ടി കയറുന്നവരിൽ നിരവധി യാത്രക്കാർ കാഞ്ഞങ്ങാട്ടുള്ളവരായിരുന്നിട്ടും, നിരവധി ദീർഘദൂര ട്രെയിനുകൾക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പനുവദിക്കുന്നില്ല.

കാഞ്ഞങ്ങാട് നഗര വികസന കർമ്മസമിതിയും റെയിൽവെ പാസഞ്ചേഴ്സ്  അസോസിയേഷനും പുതിയ  സ്റ്റോപ്പുകൾക്ക് വർഷങ്ങളായി നടത്തുന്ന  പരിശ്രമങ്ങൾ വിജയം കാണാത്തത് അധികൃതരുടെ  അനാസ്ഥ കൊണ്ടാണ്. കോവിഡ് കാലത്ത് നിർത്തിവെച്ച ദീർഘദൂര ട്രെയിനുകൾക്കുള്ള സ്റ്റോപ്പുകൾ പുനരാരംഭിക്കാത്തതിന് പിന്നിലും കാഞ്ഞങ്ങാടിനോടുള്ള അവഗണന തന്നെയാണ്.

സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക്  ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിലും വരുമാനത്തിനനുസ്മൃതമായ പരിഗണന കിട്ടുന്നില്ല. കാഞ്ഞങ്ങാടിന്റെ റെയിൽവെ വികസനത്തിൽ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന കാഞ്ഞങ്ങാട് –  പാണത്തൂർ -– കാണിയൂർ പാതയുടെ സർവ്വേ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര മാനദണ്ഡ പ്രകാരം സംസ്ഥാനം അനുവദിക്കേണ്ട പകുതി വിഹിതം കേരളം അനുവദിച്ചിട്ടും, കർണ്ണാടക സർക്കാർ അനുവദിക്കാത്തതാണ് കാണിയൂർ പാതയുടെ ഇപ്പോഴത്തെ തടസ്സം.

കാഞ്ഞങ്ങാട്ട് നിന്ന് ആറ് മണിക്കൂർ കൊണ്ട് ബംഗളൂരുവിലത്തുന്ന കാണിയൂർ പാത യാഥാർത്ഥ്യമായാൽ  കാഞ്ഞങ്ങാടിന്റെ റെയിൽ വികസനം ത്വരിതപ്പെടുകയും വരുമാനം വൻതോതിൽ വർദ്ധിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം കാഞ്ഞങ്ങാടിന്റെ വരുമാനം 16.75 കോടിയായിരുന്നുവെങ്കിൽ ഇത്തവണ 18.23 കോടിയായി ഉയർന്നു.  ദക്ഷിണ റെയിൽവെയിലെ വരുമാനത്തിൽ 58-–ാം സ്ഥാനം കാഞ്ഞങ്ങാടിനുണ്ട്.

LatestDaily

Read Previous

ലാഭവിഹിതം വാഗ്ദാനം നല്‍കി 31,92,785 രൂപ തട്ടിയെടുത്ത നാല് പ്രതികള്‍ അറസ്റ്റില്‍

Read Next

മണാലിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു