റിട്ട. ഡിവൈഎസ്പിയുടെ പേരിൽ മാനഭംഗ ശ്രമത്തിന് കേസ്സ്

സ്റ്റാഫ് ലേഖകൻ

ബേക്കൽ: ഏപ്രിൽ 29-ന് ശനിയാഴ്ച രാത്രിയിൽ ബേക്കൽ പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. സംഗീത ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേന കൊല്ലത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് ക്ഷണിച്ചു വരുത്തിയ യുവ സുന്ദരിയെ ആൽബത്തിന്റെ നിർമ്മാതാവായ നടനും റിട്ട. ഡിവൈഎസ്പിയുമായ തൃക്കരിപ്പൂർ സ്വദേശി, വി. മധുസൂദനൻ എത്തിച്ചത് പെരിയ കല്ല്യോട്ടുള്ള മധുസൂദനന്റെ സ്വന്തം രഹസ്യ സങ്കേതത്തിൽ.

കൊല്ലം സ്വദേശിനിയായ ഇരുപത്തിയേഴുകാരി നാലു മലയാള സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. 5000 രൂപയും, താമസസൗകര്യവും പ്രതിഫലം നിശ്ചയിച്ചാണ് യുവതിയെ കൊല്ലത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക്  ക്ഷണിച്ചു വരുത്തിയത്. ശനിയാഴ്ച വൈകുന്നേരം 4-15ന് ഏറനാട് എക്സ്പ്രസിൽ കാഞ്ഞങ്ങാട്ട് വണ്ടിയിറങ്ങിയ നടിയെ റെയിൽവേസ്റ്റേഷനിൽ നിന്ന് കാറിൽ കയറ്റി പെരിയ കല്ല്യോട്ടുള്ള റിട്ട, ഡിവൈഎസ്പി, മധുസൂദനന്റെ രഹസ്യ സങ്കേതത്തിലെത്തിച്ചത് കാഞ്ഞങ്ങാട്ട് സിനിമയും ആൽബം ചിത്രീകരണവുമൊക്കെയായി കഴിയുന്ന യുവാവാണ്.

വൈകുന്നേരം 5 മണിയോടെ റിട്ട. ഡിവൈഎസ്പിയുടെ ഒത്താശയോടെ യുവതിയെ കല്ല്യോട്ടെ ആൾപ്പാർപ്പിത്താത്ത വീട്ടിലെത്തിച്ചു. യുവതിയെ സംഗീത ആൽബത്തിന്റെ പ്രൊഡ്യൂസർ മധുസൂദനനെ ഏൽപ്പിച്ച ശേഷം, ആൽബം സംവിധായകൻ കാറിൽ കാഞ്ഞങ്ങാട്ടേക്ക് മടങ്ങി. 6 മണിയായപ്പോൾ റിട്ട. ഡിവൈഎസ്പിയുടെ റിസോർട്ട് സൂക്ഷിപ്പുകാരനായ മറ്റൊരാൾ യുവതിക്ക് രാത്രി കഴിക്കാൻ ഭക്ഷണവും ഒപ്പം തണുത്ത ബിയറും രഹസ്യ സങ്കേതത്തിലെത്തിച്ചു.

രഹസ്യ സങ്കേതത്തിൽ രണ്ട് കിടപ്പുമുറികളാണെന്ന് ഡിവൈഎസ്പിയുടെ പീഡനമേറ്റ യുവതി ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി. ഒരു മുറിയിൽ എയർകണ്ടീഷണർ സൗകര്യമുണ്ട്. ഫാൻഫിറ്റ് ചെയ്തിരുന്ന തൊട്ടടുത്തുള്ള മുറിയിൽ കിടന്നോളാമെന്ന് നടി പറഞ്ഞപ്പോൾ അസഹനീയമായ ചൂടാണെന്നും തന്റെ ഏസി മുറിയിൽ കിടക്കാമെന്നും മധുസൂദനൻ  ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.

ഭക്ഷണം കൊണ്ടുവെച്ചിരുന്ന മുറിയിൽ കയറിയ യുവതിയോട് മധു ബിയർ കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ, യുവതി തനിക്ക് ബിയർ വേണ്ടെന്ന് തീർത്തു പറഞ്ഞു. പിന്നീട് ”കോംപ്രമൈസ്” ഉണ്ടോയെന്ന് മധു യുവതിയോട് ചോദിച്ചു. ഭക്ഷണം കഴിക്കുന്നതിന് മുമ്പു തന്നെ മധു യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ യുവതി മുറിയിലുണ്ടായിരുന്ന കസേരയെടുത്ത് മധുവിന് നേരെ തിരിയുകയും, ബാഗും വസ്ത്രങ്ങളും മറ്റുമെടുത്ത് മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു.

യുവതി ഫോൺ ചെയ്തതനുസരിച്ച് യുവതിയെ രഹസ്യ കേന്ദ്രത്തിലെത്തിച്ച ആൽബം സംവിധായകൻ രാത്രി 8 മണിയോടെ വീണ്ടും കല്ല്യോട്ടെ രഹസ്യ കേന്ദ്രത്തിലെത്തുകയും, യുവതി ആവശ്യപ്പെട്ടതനുസരിച്ച് പരാതി നൽകാൻ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു.

യുവതിക്ക് നേരെ ബലാൽസംഗ ശ്രമം നടന്ന പെരിയ കല്ല്യോട്ട് പ്രദേശം ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ, യുവതി ആവശ്യപ്പെട്ടതനുസരിച്ച് രാത്രിയിൽ തന്നെ സംവിധായകൻ യുവതിയെ കാറിൽ ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിക്കുകയും, ബേക്കൽ പോലീസിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു.

റിട്ട. ഡിവൈഎസ്പിയുടെ പേരിൽ കേസ്സ് ഉറപ്പായ സാഹചര്യത്തിൽ മധുസൂദനനെ കേസ്സിൽ നിന്ന് രക്ഷപ്പെടുത്താൻ പ്രമുഖർ പലരും പോലീസിലും യുവതിയിലും സമ്മർദ്ദം ചെലുത്തിയെങ്കിലും എഫ് ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചു.

അതിനിടയിൽ തൃക്കരിപ്പൂരിലെ വീട്ടിൽ നിന്ന് സ്വന്തം ഭാര്യയെ മധുസൂദനൻ പാതിരായ്ക്ക് ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം ഭാര്യ, ഭർത്താവിന് വേണ്ടി സിനിമാ നടിയോട് മാപ്പു ചോദിച്ചുവെങ്കിലും, നടി പരാതിയിൽ നിന്ന് ഒട്ടും പിന്മാറിയില്ല. ശനിയാഴ്ച രാത്രി യുവതി പോലീസ് സ്റ്റേഷന് തൊട്ടുള്ള ലോഡ്ജിൽ താമസി ക്കുകയും, ഞായറാഴ്ച രാവിലെ വീണ്ടും സ്റ്റേഷനിലെത്തി, കേസ്സെടുത്തതായി ഉറപ്പിച്ച ശേഷം അന്ന് വീണ്ടും ലോഡ്ജിൽ തങ്ങുകയും, തിങ്കൾ കാലത്ത് ഏറനാട് ട്രെയിനിന് കൊല്ലത്തേക്ക് പോവുകയും ചെയ്തു.

LatestDaily

Read Previous

ഭവന പുനരുദ്ധാരണ പദ്ധതിയിൽ അഴിമതി

Read Next

ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നിൽ ഹണിട്രാപ്പ് സംശയം