ഓൺലൈൻ തട്ടിപ്പ് വെള്ളിക്കോത്തെ യുവതിക്ക് ഏഴ് ലക്ഷം നഷ്ടമായി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണത്തിൽ കുറവില്ല. ഒടുവിൽ പുറത്ത് വന്ന തട്ടിപ്പ് കേസിൽ വെള്ളിക്കോത്ത് സ്വദേശിനിയായ യുവതിക്ക് ഏഴ് ലക്ഷം രൂപ നഷ്ടമായി. അജാനൂർ വെള്ളിക്കോത്തെ കബീർ മൻസിലിൽ ഖാദറിന്റെ ഭാര്യ കെ. മർജാനാണ് പണം നഷ്ടമായത്. 2024 ഏപ്രിൽ 5 നും 16 നും ഇടയിലാണ് യുവതിക്ക് പണം നഷ്ടമായത്.

ഇൻസ്റ്റാഗ്രാമിൽ കൂടിയും ടെലിഗ്രാമിൽ കൂടിയും വർക്ക് ഫ്രം ഹോം എന്ന് പറഞ്ഞ് വിവിധ പ്രവൃത്തികൾ നൽകി പലതവണ യുവതിയിൽ നിന്നും പണം വാങ്ങുകയായിരുന്നു. ഡപ്പോസിറ്റായി നൽകിയ പണമോ പറഞ്ഞു റപ്പിച്ച കൂടുതൽ തുകയോ തിരികെ ലഭിക്കാതെ വന്നതോടെ യുവതി പോലീസിനെ സമീപിച്ചു. ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ട്രാൻസ്ഫർ വഴിയുമാണ്  പണം നൽകിയത്. 6,96568 രൂപയാണ് ആകെ നഷ്ടമായത്.  സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

സമാന സംഭവങ്ങളിൽ ചന്തേര , ബേക്കൽ പൊലീസും കഴിഞ്ഞ ദിവസം കേസെടുത്തു. ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി ഒട്ടേറെ പേർക്ക് പണം നഷ്ടപ്പെടുന്ന വാർത്തകൾ പുറത്ത് വരുമ്പോഴും കൂടുതൽ ആളുകൾ തട്ടിപ്പിൽ വീഴുകയാണ്. പോലീസ് കേസ് റജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, പ്രതികൾ കുടുങ്ങുന്നത് അപൂർവ്വമാണ്. വ്യാജമേൽ വിലാസത്തിലായിരിക്കും മിക്ക തട്ടിപ്പുകളും നടക്കുന്നത്. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാവും തട്ടിപ്പിന്റെ  ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിക്കുക.

Read Previous

കണ്ണപുരം വാഹനാപകടത്തിൽ പൊലിഞ്ഞത് 5 ജീവനുകൾ

Read Next

മയ്യിച്ചയിൽ സിപിഎം ഓഫീസിന് നേരെ അക്രമം