ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

നീലേശ്വരം : ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ നില ഗുരുതരം. അപകടത്തിനിടെ  വൈദ്യുതി ലൈനിൽ നിന്നും തീപ്പൊരി വീണ് വാഹനം കത്തി. ചായ്യോത്തിന് സമീപം കയ്യൂർ റോഡിൽ പെൻഷൻ മുക്കിലാണ് അപകടം. വിദ്യാർത്ഥി ഓടിച്ച പുത്തൻ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.

പോസ്റ്റ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി ലൈനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും തീ പ്പൊരി വീണ് ബൈക്കിന് തീപിടിക്കുകയുമായിരുന്നു. ഓടിയെത്തി നാട്ടുകാർ വെള്ളമൊഴിച്ചതിനാൽ സീറ്റ് മാത്രമെ കത്തിയുള്ളൂ. വിദ്യാർത്ഥി  കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിനും തലയ്ക്കുമാണ് പരിക്ക്.

ബൈക്കപകടം നേരിൽക്കണ്ട ഞെട്ടലിൽ  ചായ്യോത്ത് കാർ നിയന്ത്രണം തെറ്റി മതിലിടിച്ച് തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. കയ്യൂർ റോഡിലാണ് അപകടം. പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആറ് വീടുകളുള്ള വില്ലയുടെ മതിലിലാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറിയത്. 

മതിലിന്റെ ഒരു ഭാഗം തകർന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന വരാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.

LatestDaily

Read Previous

മുസ്്ലിം ലീഗ് നേതാവിന് എതിരെ വഞ്ചനാക്കേസ്

Read Next

കുഴഞ്ഞ് വീണ് മരിച്ചു