മരണം നടന്ന രാത്രി ഗഫൂർ ഹാജിയുടെ വീട്ടിലെ ക്യാമറ ഓഫ് ചെയ്തുവെച്ചു

സ്റ്റാഫ് ലേഖകൻ

പള്ളിക്കര : നാട്ടുകാരിലും വീട്ടുകാരിലും ഏറെ ദുരൂഹതകൾ നിറച്ച് മരണപ്പെട്ട പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി അബ്ദുൾ ഗഫൂർ ഹാജി 55, മരണമടഞ്ഞ രാത്രിയിൽ ഹാജിയുടെ വീട്ടിലുള്ള സിസിടിവി ക്യാമറ ഓഫ് ചെയ്തുവെച്ച നിലയിലായിരുന്നു. മാത്രമല്ല, ഭാര്യയെയും മകളെയും ഹാജി അന്ന് പകൽ നേരത്ത് മേൽപ്പറമ്പിലെ അവരുടെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തിരുന്നു. ഹാജിയുടെ വീട്ടിൽ പ്രവർത്തിക്കുന്ന അഞ്ചോളം ക്യാമറകളുടെ സ്വിച്ച് ഹാജിയുടെ കിടപ്പുമുറിയിലാണ്.

ഏപ്രിൽ 13 വ്യാഴാഴ്ച പകലാണ് ഹാജി ഭാര്യയെ അവരുടെ വീട്ടിലെത്തിച്ചത്. നോമ്പായതിനാൽ വെള്ളിയാഴ്ച പുലർച്ചെ അത്താഴം കഴിക്കാൻ കാറുമായി മേൽപ്പറമ്പിലെ വീട്ടിലെത്താമെന്ന് ഹാജി ഭാര്യയോട് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. 14-ന് വെള്ളിയാഴ്ച പുലർകാലം അത്താഴത്തിനെത്താതിരുന്നതുമുതൽ ഭാര്യ തുടർച്ചായി ഹാജിയെ ഫോണിൽ വിളിച്ചുവെങ്കിലും ഇതേതുടർന്നാണ് ബന്ധുക്കൾ പലരെയും വിളിച്ച് വിവരം പറഞ്ഞതും. അവർ വെള്ളിയാഴ്ച രാവിലെ ഹാജിയുടെ വീട്ടിലെത്തിയതും.

ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ഹാജിയുടെ വീടിന്റെ മുൻവാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. കിടപ്പുമുറിയിലെത്തിയപ്പോൾ, ഹാജി കട്ടിലിന് താഴെ നിലത്ത് മരിച്ചു കിടക്കുന്നതായാണ് കണ്ടത്. ഹാജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതാകാമെന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ മൃതദേഹം പൂച്ചക്കാട് വലിയ പള്ളി ഖബറിടത്തിൽ മറവുചെയ്തതെങ്കിലും, ഹാജി ബന്ധുക്കൾ പലരിൽ നിന്നും വാങ്ങിയ സ്വർണ്ണ ഉരുപ്പടികൾ എങ്ങും കാണാനില്ലെന്ന് ബോധ്യപ്പെട്ടത് പിന്നീടാണ്.

ഭാര്യയോടും സ്വന്തം സഹോദരിമാരോടും മറ്റും ദിവസങ്ങൾക്ക് മുമ്പ് ഹാജി ശേഖരിച്ച മൂന്ന് കോടിയോളം രൂപ വില മതിക്കുന്ന 600 പവൻ സ്വർണ്ണാഭരണങ്ങൾ പോയ വഴികൾ നിഗൂഢത നിറഞ്ഞതാണ്. ഹാജിക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന്  ഇളയ സഹോദരൻ ഷെരീഫ് ഹാജി പറഞ്ഞു. വർഷങ്ങളായി ഗഫൂർ ഹാജിയും ഇബ്രാഹിം ഹാജിയുടെ മക്കളുമടങ്ങുന്നവർ ഷാർജയിൽ വ്യാപാരികളാണ്.

അഞ്ചോളം ഷോപ്പുകൾ ഇൗ കുടുംബത്തിന് ഷാർജയിലുണ്ട്. ഹാജി അടുത്ത നാളുകളായി ഷാർജയിലും നാട്ടിലുമായിട്ടാണ് താമസം. ഒരു മാസത്തിനകം തിരിച്ചുതരാമെന്ന് രക്തബന്ധുക്കളായ സ്ത്രീകളോട് പറഞ്ഞിട്ടാണ് ഹാജി 600 പവൻ സ്വർണ്ണാഭരണങ്ങൾ കടമെന്ന നിലയിൽ വാങ്ങിയത്.

ഉദ്ദേശം മൂന്ന് കോടി രൂപയോളം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ ഹാജി നാലു സ്ത്രീകളിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ, സ്വർണ്ണം എന്തിനാണെന്ന് ഗഫൂർ ഹാജിയിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രം സ്ത്രീകളാരും അങ്ങോട്ട് ചോദിച്ചിരുന്നില്ലെന്നതും സത്യമാണ്. മൃതദേഹം കബറടക്കിയ ശേഷം വീട്ടിലെത്തിയ ബന്ധുക്കളെല്ലാം ഒത്തുകൂടിയപ്പോഴാണ് 600 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായ നടുക്കുന്ന വിവരം മറ നീക്കി പുറത്തുവന്നത്.

ഹാജിക്ക് അക്കൗണ്ടുകളുള്ള രണ്ട് ബാങ്കുകളിൽ വീട്ടുകാർ അന്വേഷിച്ചുവെങ്കിലും സ്വർണ്ണാഭരണങ്ങൾ ഹാജി ബാങ്കുകളിലൊന്നും പണയപ്പെടുത്തിയതായി വിവരമില്ല. ഹാജിയുടെ കുടുംബവുമായി അടുത്ത് ഇടപഴകുന്ന മാങ്ങാട് സ്വദേശിനിയായ യുവ ജിന്നുമ്മയിലേക്കാണ് ഇപ്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയത്തിന്റെ കുന്തമുനകളെത്തി നിൽക്കുന്നത്.

പൂച്ചക്കാട് പ്രദേശത്ത് 80 ശതമാനം വീടുകളിലും താൻ സന്ദർശിക്കാറുണ്ടെന്ന യുവഹജ്ജുമ്മയുടെ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ എല്ലാ കണ്ണുകളും കാതുകളും മുപ്പത്തിരണ്ടുകാരിയായ ഹജ്ജുമ്മയിൽ തറച്ചുനിൽക്കുകയാണ്. ഹാജിയുടെ ജഢം കബറിടത്തിൽ നിന്ന് പോലീസിന്റെ സാന്നിധ്യത്തിൽ ഇന്ന് പുറത്തെടുത്ത് സ്ഥലത്തുവെച്ചുതന്നെ പോസ്റ്റ്മോർട്ടം ചെയ്തു.

പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ എസ്.ആർ. സരിതയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറ ത്തുവന്നാൽ ഗഫൂർ  ഹാജിയുടെ മരണത്തിന് പിന്നിലുള്ള  ചുരുളുകൾ നിവരുമെന്ന് കരുതുന്നു.

LatestDaily

Read Previous

ഇലക്ട്രിക് ബൈക്കുകൾ പരാജയം

Read Next

ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു