രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി പെൺകുട്ടികൾ വീടുവിട്ടു

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവരെത്തേടി വീടുവിട്ട വിദ്യാർഥിനികളെ ഇന്നലെ അർധരാത്രിയോടെ പോലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള രണ്ട് വിദ്യാർഥിനികൾ ചെറുവത്തൂർ കുഴിഞ്ഞടിയിൽ നിന്നും വീടുവിട്ടത്. കുഴിഞ്ഞടി സ്വദേശിനിയായ പതിനാറുകാരി  ബന്ധുവായ കുമ്പള കോയിപ്പാടിയിലെ പതിനഞ്ചുകാരിയോടൊപ്പമാണ് ഇന്നലെ വീടുവിട്ടത്.

കുമ്പള സ്വദേശിനിയോടൊപ്പം കോയിപ്പാടിയിലെ ബന്ധുവീട്ടിലേക്കെന്ന വ്യാജേനയാണ് ചെറുവത്തൂർ സ്വദേശിനി ഇന്നലെ വൈകുന്നേരം 5മണിക്ക് വീട്ടിൽ നിന്നും പുറപ്പെട്ടത്. കുമ്പളയിലേക്ക് പോകുന്നതിന് പകരം ഇരുവരും തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസിൽ കയറി കോഴിക്കോടേയ്ക്ക്  പോകുകയായിരുന്നു.

ആരിക്കാടി സ്വദേശിനി സ്വന്തം വീട്ടിലെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ചെറുവത്തൂരിലെ ബന്ധുവീട്ടിലേക്ക് വിളിച്ചപ്പോഴാണ് പെൺകുട്ടിയെകാണാതായ വിവരം ഇരുവീടുകളിലും അറിയുന്നത്. തുടർന്ന് ചെറുവത്തൂർ പെൺകുട്ടിയുടെ ബന്ധുക്കൾ ചന്തേര പോലീസിൽ വിവരമറിയിച്ചു പോലീസ് ഇൻസ്പെക്ടർ പി.നാരായണൻ ഈ വിവരം വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി.

ഏറ്റവുമൊടുവിൽ ഇന്നലെ അർധരാത്രി 12 മണിയോടെ റെയിൽവേ പോലീസാണ് പെൺകുട്ടികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവർക്കൊപ്പം മടവൂർ പള്ളിയിലേക്ക് പോകാനാണ് ചെറുവത്തൂരിൽ നിന്നും യാത്ര തിരിച്ചത്. പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലിൽ ഇന്ന് പുലർച്ചെ വിദ്യാർത്ഥിനികളെ ചന്തേര പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് രക്ഷിതാക്കൾക്ക് ആശ്വാസമായത്.

Read Previous

കുഴൽപ്പണവുമായി യുവാവ് പിടിയിൽ

Read Next

ഗഫൂർ ഹാജിയുടെ ഫോൺ തുറക്കും