ആദ്യമായി ഒരു റോഡ്; ആവേശത്തിൽ കൊളവയൽ

സ്വന്തം ലേഖകൻ

അജാനൂർ: റോഡ് സൗകര്യമില്ലാതെ പ്രതിസന്ധിയിലായിരുന്ന പ്രദേശത്ത് റോഡിന്റെ നിർമ്മാണ ജോലി ആരംഭിച്ചതോടെ നാട്ടുകാർ ഒന്നടങ്കം ആവേശത്തിൽ. അജാനൂർ പഞ്ചായത്തിലെ 9 ാം വാർഡിൽ കൊളവയലിലാണ് പതിറ്റാണ്ടുകളായി റോഡില്ലാതെയുള്ള വിഷമം നാട്ടുകാർ അനുഭവിച്ച് വരുന്നത്. ഇവിടെയുള്ളവർക്ക് ടൗണുമായി  ബന്ധപ്പെടാൻ കാൽനട യാത്രയല്ലാതെ മറ്റു ഗതാഗത സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല.

സർവ്വ സാധനങ്ങളും തലച്ചുമടായി വേണം ഈ പ്രദേശത്ത് എത്തി ക്കാൻ, അത് കൊണ്ട്  തന്നെ  ഇവിടെയുള്ള  സഥലമുടമകൾ അവരുടെ  ഭൂമി നിസ്സാര വിലയ്ക്ക് ആദ്യകാലത്ത് വിൽപ്പന നടത്തുകയായിരുന്നു. അതിനിടെ സ്വകാര്യ വ്യക്തിയിൽ നിന്ന്  ഇവിടെയുള്ള പാവപ്പെട്ട  10 കുടുംബംഗങ്ങൾക്ക് 3 സെന്റ് വീതം ഭൂമി സൗജന്യമായി ലഭിച്ചിരുന്നുവെങ്കിലും, റോഡ് സൗകര്യമില്ലാത്തതിനാൽ സാധനങ്ങളെത്തിക്കാനുള്ള ദുരിതമോർത്ത് ആരും തന്നെ വീടുകൾ നിർമ്മിക്കാൻ തയ്യാറായിരുന്നില്ല.

പ്രദേശത്ത് റോഡ് സൗകര്യം വേണമെന്ന ആവശ്യം  ഇക്കാലമത്രയും ശക്തമായി അധികൃതരുടെ മുന്നിൽ അവതരിപ്പിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. അതിനിടയിലാണ് പ്രവാസിയും പ്രദേശത്ത് താമസക്കാരനുമായ കെ.പി ഹാരിസ്സിന്റെ  നേതൃത്വത്തിൽ സമീപ വാസികളായ പി.കെ. ഖാദർ കെ. ഫൈസൽ ബാടോത്ത്, ഇസ്മായിൽ അസീസ് എന്നിവർ ചേർന്ന് റോഡിന് സ്ഥലം ആവശ്യമായി വരുന്ന സ്ഥലത്തിന്റെ ഉടമകളുമായി ബന്ധപ്പെട്ട് സ്ഥലം അനുവദിച്ച് കിട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്.

പിന്നീട് പഞ്ചായത്ത് അംഗമായ ഷിജുവിന്റെ  ഇടപെടലോട് കൂടി ഈ പ്രദേശത്തെ നാൽപ്പതോളം വരുന്ന കുടുംബങ്ങളുടെ വീട്ടിലേക്കുള്ള  റോഡെന്ന സ്വപ്നത്തിന് ചിറക് മുളക്കുകയായിരുന്നു അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീറാണ്  റോഡ് നിർമ്മാണ പ്രവൃത്തിയുടെ ഉൽഘാടനം നിർവ്വഹിച്ചത്. തുടർന്ന് റോഡിന്റെ  പൂർത്തീകരണത്തിന് വേണ്ടി സ്ത്രീ പുരുഷ ഭേദമന്യേ രാപ്പകൽ ഇവിടെത്തുകാർ വിശ്രമമില്ലാതെ പ്രവർത്തിച്ച് വരികയാണ്.

LatestDaily

Read Previous

ഓൺലൈൻ തട്ടിപ്പിന് ഇരയായ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി

Read Next

ജില്ലാശുപത്രിയിൽ സ്കാനിങ്ങിന് മുഹൂർത്തം നോക്കണം