ജില്ലാശുപത്രിയിൽ സ്കാനിങ്ങിന് മുഹൂർത്തം നോക്കണം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്:  ജില്ലാ ആശുപത്രിയിൽ സി.ടി. സ്കാൻ പരിശോധനയ്ക്ക്  മുഹൂർത്തം നോക്കണമെന്ന് നാട്ടുകാർ. നിലവിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണിവരെ മാത്രമാണ് ജില്ലാ ആശുപത്രിയിലെ സി.ടി. സ്കാൻ പരിശോധന. ആന്തരിക ക്ഷതങ്ങൾ, ആന്തരിക രക്തസ്രാവം മുതലായവ പരിശോധിക്കുന്ന സി.ടി. സ്കാനിങ്ങിന് സ്വകാര്യ സ്കാനിങ്ങ് സെന്ററുകളിൽ ആയിരങ്ങൾ പ്രതിഫലം വാങ്ങുമ്പോൾ ജില്ലാ ആശുപത്രിയിൽ 600 മുതൽ 900 രൂപ വരെ മാത്രമാണ് നിരക്ക് ഈടാക്കുന്നത്. സാധാരണക്കാരായവർക്ക് ഏറ്റവും അനുഗ്രഹമാണിത്.

ജില്ലാ ആശുപത്രിയിലെ സി.ടി. സ്കാൻ യൂണിറ്റ് സന്ധ്യയ്ക്ക് 6 മണിയോടെ പൂട്ടും. അതിനുശേഷം  ആശുപത്രിയിലെത്തുന്നവർക്ക് സി.ടി. സ്കാൻ പരിശോധന ആവശ്യമാണെങ്കിൽ സ്വകാര്യ സ്കാനിങ്ങ് സെന്ററുകൾ മാത്രമാണാശ്രയം. ഞായറാഴ്ച ദിവസങ്ങളിൽ  ജില്ലാശുപത്രിയിലെ സി.ടി. സ്കാൻ യൂണിറ്റ് അവധിയാണ്. സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ ജില്ലാ ആശുപത്രിയിലെ സി.ടി. സ്കാൻ യൂണിറ്റ് ഇരുപത്തിനാല്  മണിക്കൂറും തുറന്ന് പ്രവർത്തിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം. ജില്ലാ പഞ്ചായത്താണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ സ്കാനിങ്ങ് പരിശോധനാ  കേന്ദ്രങ്ങളുടെയുംകഴുത്തറുപ്പൻ ഫീസ് കൊടുക്കാൻ ഗതിയില്ലാത്ത സാധാരണക്കാരുടെ ഏക പ്രതീക്ഷയാണ് സർക്കാർ ആതുരാലയങ്ങൾ. ദിവസം പ്രതി നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ജില്ലാശുപത്രി ചികിൽസാ സൗകര്യത്തിന്റെ കാര്യത്തിൽ ഇപ്പോഴും മുട്ടിലിഴയുകയാണ്.

LatestDaily

Read Previous

ആദ്യമായി ഒരു റോഡ്; ആവേശത്തിൽ കൊളവയൽ

Read Next

മധ്യ വയസ്ക്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു