ജില്ലാ ആശുപത്രി ജീവനക്കാരനെതിരെ നഴ്സിങ് വിദ്യാർത്ഥികൾ സൂപ്രണ്ടിന് പരാതി നൽകി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ പരിശീലനത്തിനെത്തിയ നഴ്സിങ് വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ ആശുപത്രി ജീവനക്കാരനെതിരെ വിദ്യാർത്ഥിനികൾ സൂപ്രണ്ടിന് പരാതി നൽകി. ജില്ലാശുപത്രി ശുചീകരണ വിഭാഗം ജീവനക്കാരനായ കുറ്റിക്കോൽ സ്വദേശി മജീദിനെതിരെയാണ് കുമ്പള സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.

വിദ്യാർത്ഥിനികളുടെ പിറകെ ചെന്ന് ശല്യപ്പെടുത്തുകയും ചേഷ്ടകൾ പ്രകടിപ്പിക്കുകയും ദ്വയാർത്ഥത്തിൽ സംസാരിക്കുകയും ചെയ്ത ആശുപത്രി ജീവനക്കാരന്റെ ശല്യം  സഹിക്കാതെ വന്നതോടെയാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. നഴ്സിങ് പരിശീലനത്തിന്റെ ഭാഗമായി ജില്ല ാആശുപത്രിയിലെത്തിയ കുമ്പള, കാസർകോട് സ്വദേശിനികളുടെ പിറകെ നടന്ന് ശല്യം ചെയ്ത മജീദ് ഇവരെ വിവാഹം കഴിക്കണമെന്നാവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിക്കാരി ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

മൂന്ന് മാസത്തെ നഴ്സിങ് പരിശീലനത്തിനാണ് വിദ്യാർത്ഥിനികൾ ആശുപത്രിയിലെത്തിയത്. ബിരിയാണി വാഗ്ദാനം ചെയ്ത് മജീദ് തങ്ങളെ മുറിയിലേക്ക് ക്ഷണിച്ചുവെന്നും നഴ്സിംങ് വിദ്യാർത്ഥിനി പറഞ്ഞു. ജില്ലാ ആശുപത്രിയിൽ താനറിയാതെ ഒരു കാര്യവും നടക്കില്ലെന്ന് മജീദ് പറഞ്ഞതായി പരാതിക്കാരി അറിയിച്ചു.

ആശുപത്രി ജീവനക്കാരനെതിരെ പരാതി തയ്യാറാക്കുന്നതിനിടെ ജീവനക്കാരൻ മർദ്ദിക്കാൻ  ശ്രമിച്ചതായി പരാതിക്കാരി ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി. നഴ്സിങ് വിദ്യാർത്ഥിനികളും സുഹൃത്തുക്കളുമായ മൂന്നംഗ സംഘത്തെ പിറകെ നടന്ന് ശല്യപ്പെടുത്തിയ ശുചീകരണ ജീവനക്കാരൻ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

LatestDaily

Read Previous

ഭാര്യയെ പൂട്ടിയിട്ട്  ഭർത്താവ് തൂങ്ങിമരിച്ചു

Read Next

കാസര്‍കോട്ട് 42 ക്രിട്ടിക്കല്‍ ബൂത്തുകള്‍; രണ്ടിടത്ത്  മാവോയിസ്റ്റ് ഭീഷണി, കേന്ദ്രസേന തയ്യാര്‍