ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കത്തിക്കാളുന്ന വേനൽച്ചൂടിനേക്കാൾ തിളച്ചുമറിയുന്ന രാഷ്ട്രീയച്ചൂടിൽ ജില്ല തിളച്ചുമറിയുമ്പോൾ, ഇക്കുറി കാസർകോട് മണ്ഡലം ഏത് മുന്നണിയുടെ കൈ പിടിക്കുമെന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകളും കൊഴുക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ കാസർകോട് മണ്ഡലം തിരികെപ്പിടിക്കാൻ ഇടതുമുന്നണിയും നിലനിർത്താൻ ഐക്യജനാധിപത്യ മുന്നണിയും അട്ടിമറി പ്രതീക്ഷയുമായി എൻഡിഏയും ഓട്ടപ്പാച്ചിലാണ്.
തുടർച്ചയായി മൂന്ന് തവണ ഏകെജിയും മൂന്ന് തവണ ഏകെജിയുടെ മകളുടെ ഭർത്താവ് പി. കരുണാകരനെയും പാർലമെന്ററിലേക്കയച്ച മണ്ഡലം കപ്പിനും ചുണ്ടിനുമിടയിലാണ് കഴിഞ്ഞ തവണ എൽഡിഎഫിന് നഷ്ടമായത്. 1957 മുതൽ 1967 വരെ മൂന്ന് തവണ കാസർകോട് മണ്ഡലത്തെ പ്രതിനിധീകരിച്ച ഏകെജി പാർലിമെന്റിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു. ഏകെജിയുടെ പ്രസംഗം പാർലമെന്റ് യോഗങ്ങളിലുണ്ടാകുമ്പോൾ തീരുന്നത് വരെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കേട്ടിരിക്കുമായിരുന്നുവെന്നതും ചരിത്രം.
1957-–ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 5145 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കാസർകോട് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏകെജിക്ക് മൂന്നാമത്തെ തെരഞ്ഞെടുപ്പിൽ 1,18,510 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. മണ്ഡല രൂപീകരണ കാലം മുതൽ ഏറ്റവും കൂടുതൽ തവണ എൽഡിഎഫ് നേതാക്കളെ പാർലമെന്റിലേക്കയച്ച മണ്ഡലം നാല് തവണ കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും കൈപിടിച്ചു.
1971, 1977 എന്നീ വർഷങ്ങളിൽ കടന്നപ്പള്ളി രാമചന്ദ്രനെയും, 1984–ൽ ഐ രാമറൈയേയും തെരഞ്ഞെടുത്ത മണ്ഡലം 35 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ രാജ്മോഹൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തത്. 2004–ൽ 1,08256 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച പി. കരുണാകരന്റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞ് 2014–ൽ 6921 വരെയായെന്നതും ചരിത്രം.
ഏ.കെ. ഗോപാലനെയും, പി. കരുണാകരനെയും മൂന്ന് തവണ തെരഞ്ഞെടുത്ത മണ്ഡലം തുടർച്ചയായി മൂന്ന് തവണ പയ്യന്നൂർ സ്വദേശി ടി. ഗോവിന്ദനെയും തെരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ തവണ സിപിഎം നേതാക്കളെ തെരഞ്ഞെടുത്ത മണ്ഡലമെന്ന പാരമ്പര്യം നിലനിൽക്കുമ്പോഴും, ഇക്കുറി കാസർകോട്ടെ മത്സര ഫലം പ്രവചനാതീതമാണ്.
കാസർകോട് മണ്ഡലത്തിന് കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും ഇടതുമുന്നണി ജനപ്രതിനിധികളാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് നിലയനുസരിച്ച് എൽഡിഎഫിന് മുൻതൂക്കമുണ്ടെങ്കിലും, നിലവിലുള്ള എം.പി. രാജ്മോഹൻ ഉണ്ണിത്താൻ വിജയപ്രതീക്ഷ പുലർത്തു ന്നു.
ഇരുമുന്നണി സ്ഥാനാർത്ഥികളുടെ ഒപ്പത്തിനൊപ്പം തന്നെ ബിജെപിയുടെ വനിതാ സ്ഥാനാർത്ഥി എം.എൽ. അശ്വനിയും രംഗത്തുണ്ട്. ഏപ്രിൽ 26–ന്റെ വിധിയെഴുത്തിന് ശേഷം അവസാനത്തെ ചിരി എം.വി, ബാലകൃഷ്ണന്റേതോ, ഉണ്ണിത്താന്റേതോ, അശ്വിനിയുടേതോ ആയിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിന് വിരാമമാകണമെങ്കിൽ, വോട്ട് പെട്ടി തുറക്കുന്ന ജൂൺ മാസം വരെ കാത്തിരിക്കേണ്ടി വരും.