ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചെറുവത്തൂർ: ചെറുവത്തൂർ കൺസ്യൂമർഫെഡ് മദ്യശാലാ വിവാദം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് ആശങ്കയുയരുന്നു. സിപിഎം ഉന്നത നേതാവ് ഇടപെട്ട് പൂട്ടിച്ച ചെറുവത്തൂർ മദ്യശാലയെച്ചൊല്ലി ചെറുവത്തൂരിൽ സിപിഎമ്മിനകത്തുണ്ടായിരുന്ന വിവാദം പുറമെ കെട്ടടങ്ങിയെങ്കിലും, അടിത്തട്ടിൽ പാർട്ടി നേതൃത്വത്തിനെതിരെയുള്ള അതൃപ്തി ഇപ്പോഴും പുകഞ്ഞു നീറുണ്ടെന്നാണ് രഹസ്യ വിവരം.
ചുമട്ടു തൊഴിലാളി യൂണിയനും സിപിഎം നേതൃത്വവുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. കൈവിട്ടുപോയ കാസർകോട് മണ്ഡലം തിരികെ പിടിക്കാൻ സിപിഎം ഊണും ഉറക്കവുമുപേക്ഷിച്ച് രംഗത്തുണ്ടെങ്കിലും, ചെറുവത്തൂരിലെ മദ്യശാലാ വിവാദവും തുടർന്ന് തൊഴിലാളി യൂണിയനിലുണ്ടായ അതൃപ്തിയും പൂർണ്ണമായി പരിഹരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
പാർട്ടി നേതൃത്വത്തോട് വോട്ടെടുപ്പിൽ കണക്ക് തീർക്കുമെന്ന് വെല്ലുവിളിച്ച് ചെറുവത്തൂരിലുയർന്ന ഫ്ളക്സുകൾ പാർട്ടിക്ക് തന്നെ അഴിച്ചു മാറ്റേണ്ടി വന്നിരുന്നു. ചെറുവത്തൂരിലെ ബാറുടമയ്ക്ക് വേണ്ടിയാണ് കൺസ്യൂമർഫെഡ് മദ്യശാല പൂട്ടിച്ചതെന്ന ചെറുവത്തൂരിലെ അണികളുടെ ആരോപണത്തിന് വ്യക്തമായ മറുപടി പറയാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
പൂട്ടിയിട്ട കൺസ്യൂമർഫെഡ് മദ്യശാല ചെറുവത്തൂരിൽ തന്നെ ആരംഭിക്കുമെന്ന നേതൃത്വത്തിന്റെ വാഗ്ദാനം കണ്ണിൽ പൊടിയിടാനാണെന്ന് ചുമട്ടു തൊഴിലാളി യൂണിയനും തിരിച്ചറിഞ്ഞിട്ടുണ്ട്.യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ വിജയസാധ്യതയെക്കുറിച്ച് യുഡിഎഫ് നേതാവ് കല്ലട്ര മാഹിൻ ഹാജി സംശയം പ്രകടിപ്പിച്ച സംഭവം പുറത്തുവന്നതോടെ എൽഡിഎഫ് ആവേശത്തിലായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ ചെറുവത്തൂരിലെ മദ്യശാലാ വിവാദം കല്ലുകടിയായി എൽഡിഎഫിനെ അലട്ടുന്നുണ്ട്.
കഴിഞ്ഞ തവണ കെ.പി. സതീഷ്ചന്ദ്രനോട് ഇടത് അനുഭാവികൾ ചെയ്ത ചതി ഇക്കുറി ആവർത്തിക്കാതിരിക്കാൻ എൽഡിഎഫ് ജാഗരൂകരായിരിക്കുമ്പോഴും, ചെറുവത്തൂരിലെ പാർട്ടി വോട്ടുകളെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. പൂട്ടിയ മദ്യശാലയുടെ ലൈസൻസ് പുതുക്കിയിട്ടുണ്ടെങ്കിലും, അത് ചെറുവത്തൂരിൽ തന്നെ നിലനിർത്തുന്ന കാര്യം സംശയമാണ്.