സ്വർണ്ണാഭരണ ഇടപാടുകാരനെ ബന്ദിയാക്കി പണം തട്ടി

സ്വന്തം ലേഖകൻ

തലശേരി: നഗരമധ്യത്തിൽ സ്വർണ്ണാഭരണ ഇടപാടുകാരൻ കവർച്ചക്കിരയായി.  കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സംഭവം. ജീവ ഭയത്താൽ ഒരു ലക്ഷം രൂപ  ഗുണ്ടാ സംഘത്തിന് നൽകിയാണ് ഇയാൾ മോചിതനായത്. ആലുവക്കാരനാണ് ഇര.  കവർച്ച സംബന്ധിച്ച് പോലീസിൽ പരാതി നൽകാനൊന്നും മിനക്കെടാതെ സ്വർണ്ണ വ്യാപാരി സ്ഥലം വിട്ടു. ഇയാൾ പോയതിന് ശേഷമാണ് വിവരം പുറത്തായത്.

തലശ്ശേരി കേന്ദ്രീകരിച്ച് അധോലോക പൊട്ടിക്കൽ ഇടപാടുകൾ നടത്തുന്ന സംഘമാണ് പ്രതികളെന്ന് പറയപ്പെടുന്നു. അതിനാടകീയമായാണ് കവർച്ചാ സംഘം കരു നീക്കിയത്. കടകളിൽ വിതരണം ചെയ്യേണ്ട  ഏതാണ്ട് ഒരു കിലോയോളം സ്വർണ്ണാഭരണങ്ങൾ ഇയാളുടെ ബാഗിലുണ്ടായിരുന്നു.  കോടികൾ മൂല്യമുള്ള ആഭരണങ്ങൾ നഷ്ടപ്പെടാത്തതും ദുരൂഹമായിട്ടുണ്ട്. 

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3.30 ന് പുതിയ ബസ് സ്റ്റാൻഡിൽ എം ആർ എ ബേക്കറിക്ക് സമീപമാണ് ആസൂത്രിത കവർച്ച നടന്നത്.ആലുവയിലെ സ്വർണ്ണ ഫാക്ടറിയിൽ നിന്നുള്ള ആഭരണങ്ങൾ  കണ്ണൂരിൽ നൽകിയ ശേഷം തലശേരിയിലെത്തിയതായിരുന്നു വ്യാപാരി. പുതിയ ബസ് സ്റ്റാന്റിൽ ബസ്സിറങ്ങിയപ്പോഴാണ് ഗുണ്ടാ സംഘത്തിന്റെ പിടിയിലായത്.  ബസ്സിറങ്ങി നടക്കുന്നതിനിടയിൽ രണ്ട് പേർ ചേർന്ന് ആർക്കും സംശയം  തോന്നിക്കാത്ത രീതിയിൽ തോളത്ത് കയ്യിട്ട് ബ്രദേഴ്സ് ലൈനിലെ ഇടവഴിയിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി. അവിടെ കാത്തു നിന്ന മറ്റ് രണ്ട് പേരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. 

കൈവശമുള്ള ആഭരണങ്ങൾ തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ വ്യാപാരി ചെറുത്തു. എന്നാൽ സ്വർണ്ണം വേണ്ട പണം മതിയെന്നായി ഗുണ്ടകൾ. തത്സമയം കയ്യിലുണ്ടായിരുന്ന 70,000 രൂപ നൽകിയെങ്കിലും സംഘംവീട്ടില്ല. തുടർന്ന് നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിൽ  നിന്നും 30,000 രൂപ കൂടി വരുത്തി നൽകിയ ശേഷമാണ് സംഘം വ്യാപാരിയെ മോചിപ്പിച്ചത്. 

പോലീസിൽ പരാതി നൽകിയാൽ ഇനി സ്വർണ്ണം വിൽക്കാൻ കണ്ണൂർ ജില്ലയിലേക്ക് വരേണ്ടി വരില്ലെന്നും സംഘം വ്യാപാരിക്ക് താക്കീത് നൽകിയിരുന്നു. ഭയന്ന വ്യാപാരി നഗരത്തിലെ ജ്വല്ലറി ഉടമകൾ നിർബന്ധിച്ചിട്ടും പരാതി നൽകാൻ തയ്യാറാകാതെ സ്ഥലം വിടുകയായിരുന്നു. ജ്വല്ലറിയിൽ നിന്നും പണം എത്തിച്ച സെയിൽസ് മാനിൽ നിന്നും രണ്ട് പേർ പണം വാങ്ങുമ്പോൾ സംഘത്തിലെ മറ്റ് രണ്ടു പേർ വ്യാപാരിയെ തടഞ്ഞുവെച്ചിരിക്കയായിരുന്നു.

Read Previous

സ്ത്രീധന പീഡനം;  5 പേർക്കെതിരെ കേസ്

Read Next

പാനൂരിൽ ബോംബ് സ്ഫോടനം, 2 സിപിഎം പ്രവർത്തകരിൽ ഒരാളുടെ കൈപ്പത്തി അറ്റു. അപകടം ബോംബ് നിർമ്മിക്കുമ്പോൾ