റോയൽ ട്രാവൻകൂറിനെതിരെ വീണ്ടും കേസ്

പയ്യന്നൂര്‍:  പലിശ വാഗ്ദാനം നൽകി വിവിധ ജില്ലകളിൽ സ്ഥാപനം നടത്തി നിക്ഷേപകരിൽ നിന്നും പണം  തട്ടിയെടുത്ത റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് മേധാവിക്കും കൂട്ടാളികൾക്കുമെതിരെ പയ്യന്നൂരിലും കേസ്.

പയ്യന്നൂര്‍ ബി.കെ.എം ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചുവന്ന റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേര്‍സ്  ലിമിറ്റഡ് കമ്പനി ഡയരക്ടർമാരായ രാഹുല്‍ ചക്രപാണി, സിന്ധു ചക്രപാണി, സെയില്‍സ് എക്‌സിക്യൂട്ടീവായ ജെസ്‌ന എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂരിലെ വ്യാപാരി കവ്വായിയിലെ കെ.സുബൈറിന്റെ പരാതിയിൽ   പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. പണം നിക്ഷേപിച്ചാല്‍ മികച്ച പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരനില്‍നിന്നും കഴിഞ്ഞവര്‍ഷം സെപ്തംബര്‍ അഞ്ചുമുതല്‍ 4,02,500 രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നത്.

പിന്നീട്  പലിശയോ പണമോ നല്‍കാതെ പരാതിക്കാരനെ വഞ്ചിച്ചുവെന്ന  പരാതിയിലാണ് പയ്യന്നൂർപോലീസ് കേസെടുത്തത്.സ്ഥാപന മേധാവിയായ രാഹുൽചക്രപാണിക്കെതിരെ കണ്ണൂര്‍, കാസർകോട്, വയനാട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളിലൂടെ വഞ്ചന നടത്തിയതിന് നിരവധി കേസുകളാണ് ഇതിനകം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കണ്ണൂര്‍, കാസര്‍ഗോഡ്, സുല്‍ത്താന്‍ ബത്തേരി, ബദിയടുക്ക, ചന്തേര, രാജപുരം, പേരാവൂര്‍, കോട്ടയം, കണ്ണവം തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ നിരവധി വഞ്ചനാക്കേസുകള്‍ നിലവിലുള്ളത്.  മലബാര്‍ മള്‍ട്ടി സ്‌റ്റേറ്റ് ആഗ്രോ കോ. ഓപ്പറേറ്റീവ് സൊസൈറ്റി, കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനി, റോയൽ ട്രാവൻകൂർ ഫാർമേർസ് പ്രൊഡ്യൂസേർസ് കമ്പനി തുടങ്ങിയ വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചു വന്ന സ്ഥാപനങ്ങളിലൂടെ കോടികളാണ് സംഘം ഇതിനകം നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തത്.

LatestDaily

Read Previous

ക്ഷണിച്ചു വരുത്തിയ മാധ്യമ പ്രവർത്തകരെ പ്രതിപക്ഷ നേതാവ് ഇറക്കിവിട്ടു

Read Next

കണ്ണപുരം വാഹനാപകടത്തിൽ കാസര്‍കോട്   സ്വദേശി മരിച്ചു