മൗലവി വധക്കേസ്സിൽ ലീഗ് ആരോപണം പൊളിഞ്ഞു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: റിയാസ് മൗലവി വധക്കേസ്സിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയും പ്രോസിക്യൂഷനും ശ്രമിച്ചെന്ന ലീഗ് നേതാക്കളുടെ ആരോപണം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തോടെ പൊളിഞ്ഞു. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നയുടൻ അപ്പീൽ പോകുമെന്നുള്ള പ്രഖ്യാപനം സർക്കാർ നടത്തിയിരുന്നു. റിയാസ് മൗലവി കൊലക്കേസ് അന്വേഷണം നിലവാരമില്ലാത്തതാണെന്ന് കോടതി വിധിയിൽ എവിടെയും പറഞ്ഞിരുന്നില്ലെന്നും, പച്ചക്കള്ളമാണ് ഇത് സംബന്ധിച്ച് ചിലർ പ്രചരിപ്പിച്ചുവിടുന്നതെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ടി. ഷാജിത് വെളിപ്പെടുത്തിയിരുന്നു.

അങ്ങനെയൊരു പരാമർശം കോടതിവിധിയിലില്ല. പഴുതുകളില്ലാതെയാണ് പോലീസും പ്രോസിക്യൂഷനും കേസ്സ് നടത്തിയിരുന്നത്. ശക്തമായ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും സമർപ്പിച്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു. റിയാസ് മൗലവി വധക്കേസ്സിന്റെ വിധിയുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾ നടത്തുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്നാണ് ഇടതുപക്ഷത്തിന്റെ കണ്ടെത്തൽ.

റിയാസ് മൗലവി വധക്കേസ്സിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ഇന്നേവരെ ജാമ്യം പോലും ലഭിക്കാൻ അവസരം നൽകാതെ, ഏഴ് വർഷവും ജയിലിലടച്ചത് ഇടതു സർക്കാരാണ്. എന്നാൽ ലീഗും ഇടതുപക്ഷ വിരുദ്ധരും ചേർന്ന് റിയാസ് മൗലവിയുടെ കേസ്സിന്റെ വിധിയുമായുള്ള വിഷയം സർക്കാരിന്റെ തലയിൽ കെട്ടിവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും പ്രോസിക്യൂഷന്റെയും ഇടപെടലാണ് റിയാസ് മൗലവിയുടെ കേസ്സിന്റെവിധിക്ക് പിന്നിലെങ്കിൽ ആസന്നമായ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോടതി വിധി പറയുന്നത് നീട്ടിവെച്ച് ന്യൂനപക്ഷ സഹതാപ തരംഗം ഒഴിവാക്കാൻ സർക്കാരിന് സാധിക്കുമായിരുന്നുവെന്നും ഇടതു  നേതൃത്വം പറയുന്നു. റിയാസ് മൗലവി കേസ്സിന്റെ വിധിയുടെ പേരിൽ ന്യൂനപക്ഷ വികാരം ഇളക്കി വിടാനുള്ള നീക്കമാണ് ലീഗ് നടത്തുന്നത്.

LatestDaily

Read Previous

വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

Read Next

ആദ്യം കൊമ്പുകോര്‍ത്തു; പിന്നെ കൈകോര്‍ത്തു, ഉണ്ണിത്താനും എം.വി. ബാലകൃഷ്ണനും ജില്ലാ കലക്ടറേറ്റില്‍ നാടകീയ സംഭവങ്ങള്‍