ചെറുവത്തൂർ  മദ്യശാലയുടെ ലൈസൻസ് പുതുക്കി

സ്വന്തം ലേഖകൻ

ചെറുവത്തൂർ: സിപിഎം ഉന്നത നേതാവിന്റെ ഇടപെടലിനെ തുടർന്ന പൂട്ടിയ ചെറുവത്തൂർ കൺസ്യൂമർ ഫെഡ് മദ്യശാലയുടെ ലൈസൻസ്  പുതുക്കി.  മദ്യശാലയുടെ ലൈസൻസ് മാർച്ച് 31ന് അവസാനിച്ച സാഹചര്യത്തിൽ കൺസ്യൂമർ ഫെഡ് എംഡിയുടെ ഇടപെടലിനെ തുടർന്നാണ്  ലൈസൻസ് പുതുക്കിയത്.  

2023 നവംബർ 23ന് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ എക്സൈസിന്റെ നിയമപരമായ അനുമതിയോടെ പ്രവർത്തനമാരംഭിച്ച കൺസ്യൂമർ ഫെഡിന്റെ മദ്യ വിൽപ്പനശാല ചെറുവത്തൂരിലെ ബാർ മുതലാളിക്ക് വേണ്ടിയാണ് സിപിഎം ഉന്നത നേതാവ് ഇടപെട്ട് പൂട്ടിച്ചത്. ഇരുപത്തി നാല് മണിക്കൂർ പോലും തികയും മുമ്പാണ് ഉദ്ഘാടന ദിവസം തന്നെ  9.5 ലക്ഷത്തിന്റെ കച്ചവടം നടന്ന മദ്യശാലയാണ് പൂട്ടിച്ചത്. 

കൺസ്യൂമർ ഫെഡ് മാനേജിംഗ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം അഡീഷണൽ റീജണൽ  മാനേജർ, സുധീർ ബാബു ഏരിയ മാർക്കറ്റിംഗ് മാനേജർ ഏ.വി. വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ പൂട്ടിയിട്ട മദ്യ ശാലയുടെ ലൈസൻസ് പുതുക്കാൻ നടപടി സ്വീകരിച്ചു.  ആനിക്കാടിയിലെ മാധവൻ നായരുടെ ഉടമസ്ഥതയിലുള്ള ചെറുവത്തൂരിലെ കെട്ടിടം പ്രതിമാസം 90,000 രൂപ വാടക നിശ്ചയിച്ചാണ്  കൺസ്യൂമർ ഫെഡ് ഏറ്റെടുത്തതെങ്കിലും ഉടമയ്ക്ക് ഇന്നേവരെ വാടക ഇനത്തിൽ കാൽ കാശ് കിട്ടിയിട്ടില്ല

2023 ജൂലായ് മാസം മുതൽ 2024 മാർച്ച് മാസം വരെയുള്ള വാടകയാണ്  കെട്ടിട ഉടമയ്ക്ക് നൽകാനുള്ളത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വാഹന ഷോറൂം നടത്തിപ്പുകാരെപത്ത് ലക്ഷം രൂപ നഷ്ട പരിഹാരം കൊടുത്ത് ഒഴിപ്പിച്ച കെട്ടിട ഉടമ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ്. ചുമട്ടുതൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന്  വർഷാന്ത സ്റ്റോക്കെടുപ്പിന് പോലും കഴിയാതെ ചെറുവത്തൂരിലെ വാടക കെട്ടിടത്തിൽ ലക്ഷങ്ങളുടെ മദ്യം കെട്ടിക്കിടക്കുകയാണ്.

LatestDaily

Read Previous

പിതാവിനെ അടിച്ചുകൊന്ന മകൻ കസ്റ്റഡിയിൽ

Read Next

ഓൺ ലൈന്‍തട്ടിപ്പിലെ മുഖ്യപ്രതി  അറസ്റ്റില്‍