മൗലവി വധക്കേസ് വിധി യുഡിഎഫിന് വീണുകിട്ടിയ ആയുധം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പൗരത്വഭേദഗതി നിയമത്തിനെതിരായ ക്യാമ്പയിനുകളിലൂടെ എൽഡിഎഫ് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സ്ഥാപിച്ച മേൽക്കൈ തടയാൻ കാസർകോട്ടെ റിയാസ് മൗലവി വധക്കേസ് വിധി ആയുധമാക്കി പ്രതിപക്ഷം. മദ്രസ്സാധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളെ വെറുതെവിട്ട വിധി സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കോടതി വിധിക്ക് പിന്നിൽ ഒത്തുകളിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. സമാന ആരോപണവുമായി മുസ്്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും രംഗത്തെത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്്ലിം ന്യൂന പക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാകാതിരിക്കാനുള്ള തന്ത്രമാണ് പ്രതിപക്ഷ നേതാവും, ലീഗ് നേതാക്കളും പയറ്റുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പരിപാടികളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തം എൽഡിഎഫിന് അനുകൂല  വോട്ടായി മാറുമോയെന്ന ഭയം കോൺഗ്രസ് ലീഗ് നേതാക്കൾക്കുണ്ട്.

മദ്രസ്സാധ്യാപകനായ റിയാസ് മൗലവിയെ മുറിയിൽ അതിക്രമിച്ച് കയറി കുത്തിക്കൊന്ന ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ട വിധി ജില്ലയിൽ വ്യാപകമായ അമ്പരപ്പുണ്ടാക്കിയിരുന്നു. പലതവണ മാറ്റി വെച്ചതിനുശേഷം നടന്ന വിധി പ്രസ്താവം നിരാശാജനകമാണെന്നാണ് പൊതു വികാരം. ജില്ലാ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികളുമായി മുൻ പരിചയം പോലുമില്ലാതിരുന്ന മദ്രസ്സാധ്യാപകനെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത് മതവിദ്വേഷം മൂലമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിയാസ് മൗലവി വധക്കേസിലെ വിധി നിരാശാജനകമാണെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സിപിഎം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്.

റിയാസ് മൗലവി വധക്കേസ് വിധിയിൽ മുന്നണികൾ തമ്മിൽ  നടക്കുന്ന പ്രസ്താവനായുദ്ധത്തിന്റെ  ആത്യന്തിക ലക്ഷ്യം വോട്ടാണെന്ന്  വ്യക്തം. ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമത്തിൽ റിയാസ് മൗലവി വധക്കേസ് വിധി വീണുകിട്ടിയ ആയുധമാക്കാനുള്ള തീവ്ര യത്നത്തിലാണ് യുഡിഎഫ്. ഇതിനെ പ്രതിരോധിക്കാനുള്ള എതിർ പ്രസ്താവനയുമായി എൽഡിഎഫും മുന്നിലുണ്ട്.

2017 മാർച്ച് 20 നാണ് കാസർകോട് ചൂരിയിലെ മദ്രസ്സാധ്യാപകനും കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ മൂന്നംഗ സംഘം കുത്തിക്കൊന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയത് ആർഎസ്എസ് പ്രർത്തകരായ കേളുഗുഡ്ഡെയിലെ   അജേഷ് 27, നിതിൻ കുമാർ 26, അഖിലേഷ് 32, എന്നിവരാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം.

LatestDaily

Read Previous

അജ്ഞാത മൃതദേഹം കണ്ടെത്തി

Read Next

മടിക്കൈ നാരായണൻ നായർ വധത്തിന് ഇന്ന് മുപ്പതാണ്ട്